കാലവര്‍ഷമെത്തിയതോടെ എറണാകുളം ജില്ലയുടെ തീരദേശ മേഖലകളില്‍ കടലാക്രമണം രൂക്ഷമായി. നിരവധി വീടുകളില്‍ വെള്ളം കയറി. പുലിമുട്ടുകളില്ലാത്ത ചെല്ലാനം മേഖലയിലാണ് കടലാക്രമണം കൂടുതല്‍ നാശം വിതക്കുന്നത്.
എറണാകുളത്ത് പശ്ചിമകൊച്ചി ഭാഗത്താണ് രൂക്ഷമായ കടലാക്രമണം തുടരുന്നത്. കമ്പനിപ്പടി മുതല്‍ തെക്കേ ചെല്ലാനം വരെയുള്ള ഭാഗങ്ങളില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. പലയിടത്തും കടല്‍ഭിത്തി പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലാണ്. നാട്ടുകാരുടെ നേതൃത്വത്തില്‍ ജിയോ ബാഗുകളില്‍ മണല്‍ നിറച്ചാണ് ഒരു പരിധിവരെയെങ്കിലും ആഞ്ഞടിക്കുന്ന തിരമാലകളെ പ്രതിരോധിക്കാന്‍ കഴിയുന്നത്.
പ്രദേശത്തെ കടലാക്രമണം തടയാന്‍ ശാശ്വത പരിഹാരം എന്ന നിലയില്‍ പണി ആരംഭിച്ച ജിയോ ട്യൂബ് നിര്‍മാണം പാതി വഴിയില്‍ ഉപേക്ഷിച്ചത് കടലാക്രമണത്തിന്റെ തീവ്രത വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. ജിയോ ട്യൂബിനായി മണലെടുത്ത് മാറ്റിയത് കൊണ്ട് മാത്രം പല പ്രദേശങ്ങളിലും കടല്‍ കരയിലേക്ക് ഇരച്ചുകയറാന്‍ കാരണമായിട്ടുണ്ട്. കടലാക്രമണം രൂക്ഷമായിട്ടും ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നടക്കം ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
ജില്ലയുടെ തീരദേശപ്രദേശങ്ങളായ വൈപ്പിന്‍, ഞാറക്കല്‍ പ്രദേശങ്ങളിലും കടലാക്രമണം ശക്തമാണ്. ഇവിടെയും നിരവധി വീടുകളില്‍ വെള്ളം കയറി. സാധാരണ കാലവര്‍ഷം ശക്തി പ്രാപിച്ചതിന് ശേഷമാണ് കടലാക്രമണം രൂക്ഷമാകാറുള്ളത്. ഇത്തവണ കാലവര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ കടലാക്രമണം ശക്തിപ്രാപിച്ചത് തീരദേശവാസികളുടെ ആശങ്ക വര്‍ധിപ്പിക്കുകയാണ്.