India National

‘താങ്ങുവിലയിൽ നിയമപരമായ ഉറപ്പുനൽകും’; കർഷകർക്ക് പിന്തുണയുമായി രാഹുൽ ഗാന്ധി

കർഷകർക്ക് പിന്തുണയുമായി രാഹുൽ ഗാന്ധി. സ്വാമിനാഥൻ കമ്മീഷൻ ശുപാർശ പ്രകാരം എംഎസ്പി നിയമപരമായ ഉറപ്പ് നൽകാൻ കോൺഗ്രസ് തീരുമാനിച്ചു. ഇന്ന് ഒരു ചരിത്ര ദിനമാണെന്ന് പറഞ്ഞ രാഹുൽ ഗാന്ധി 15 കോടി കർഷക കുടുംബങ്ങളുടെ ജീവിതത്തെ ഇത് മാറ്റിമറിക്കുമെന്നും നീതിയുടെ പാതയിൽ കോൺഗ്രസിൻ്റെ ആദ്യ ഉറപ്പാണിതെന്നും പ്രതികരിച്ചു.

കേന്ദ്രവുമായുള്ള ചർച്ച പരാജയപ്പെട്ടതോടെയാണ് ഡൽഹി ചലോ മാർച്ചുമായി കർഷകർ രംഗത്തെത്തിയത്. 50 കർഷക സംഘടനകൾ സംയുക്തമായി നടത്തുന്ന ചലോ ഡൽഹി മാർച്ച് പഞ്ചാബിലെ ഫത്തേഗഡ് സാഹിബിൽ നിന്നാണ് ഇന്ന് രാവിലെ തുടങ്ങിയത്. ആയിരക്കണക്കിന് കർഷകരാണ് ഡൽഹിയിലേക്ക് തിരിച്ചത്. ഫത്തേഗഡ് സാഹിബിൽ മാത്രം 1700 ട്രാക്ടറുകളാണ് മാർച്ചിനായി എത്തിച്ചത്.

ഹരിയാനയിലെ അതിർത്തി ജില്ലകളിലെല്ലാം ഇൻറർനെറ്റ് റദ്ദാക്കി. സമരത്തിൽ പങ്കെടുക്കുന്ന ഹരിയാനയിലെ കർഷകരുടെ പാസ്പോർട്ട് റദ്ദാക്കുമെന്നും ട്രാക്ടർ പിടിച്ചെടുക്കുമെന്നും സംസ്ഥാന സർക്കാർ മുന്നറിയിപ്പ് നല്കി. എന്നാൽ അതിർത്തിയിൽ തടയുന്ന സ്ഥലങ്ങളിൽ ഇരിക്കാനും അടുത്ത ഘട്ടത്തിൽ ഡൽഹി കടക്കാനുള്ള നീക്കം ആലോചിക്കാനുമാണ് സംഘടനകളുടെ തീരുമാനം

പഞ്ചാബിലും ഹരിയാനയിലും ജനങ്ങൾ ദുരിതം നേരിടുന്നുവെന്നും ഈ സംസ്ഥാനങ്ങളെ ഇന്ത്യയുടെ ഭാഗമായി സർക്കാർ കാണുന്നില്ലെന്നും പഞ്ചാബ് കിസാൻ മസ്ദൂർ സമര സമിതി ജനറൽ സെക്രട്ടറി സർവൺ സിംഗ് പാന്തർ പറഞ്ഞു. കർഷകർക്കെതിരേ കോടതി സ്വമേധയാ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് സുപ്രീംകോടതി ബാർ അസോസിയേഷൻ കത്തയച്ചു.

വിളകൾക്ക് മിനിമം താങ്ങുവില (എംഎസ്പി) ഉൾപ്പെടെയുള്ള നിരവധി ആവശ്യങ്ങളുന്നയിച്ചാണ് കർഷക മാർച്ച്. 2020ല്‍ 13 മാസത്തോളം ഡൽഹി അതിർത്തിയില്‍ ക്യാമ്പ് ചെയ്താണ് കർഷകർ സമരം ചെയ്തത്. ആ സമരത്തിന്‍റെ തുടര്‍ച്ചയാണിതെന്നും ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടുന്നതു വരെ സമരം തുടരുമെന്നും കർഷകർ പറയുന്നു.