വയനാട്ടിലെ കാട്ടാന ആക്രമണത്തിൽ വനം വകുപ്പിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ. കർണാടക വനംവകുപ്പ് തുറന്നുവിട്ട ആനയുടെ ആക്രമണത്തിൽ രാവിലെ ഒരാൾ കൊല്ലപ്പെട്ടിരുന്നു. റേഡിയോ കോളർ ഘടിപ്പിച്ച ആന എത്തിയതായി മുന്നറിയിപ്പോ ജാഗ്രതാ നിർദേശമോ വനം വകുപ്പ് നൽകിയില്ലെന്ന് നാട്ടുകാർ ആരോപിച്ചു. റോഡുകൾ ഉപരോധിച്ചുകൊണ്ടായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. പ്രതിഷേധക്കാർ എംഎൽഎയെ തടയുകയും എസ്പിക്കെതിരെ ഗോ ബാക്ക് മുദ്രവാക്യം വിളിക്കുകയും ചെയ്തു.
അതേസമയം കാട്ടാന ആക്രമത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം ഉയർന്നു. മാനന്തവാടിയിൽ കടകൾ അടച്ചും നാട്ടുകാർ പ്രതിഷേധിക്കുന്നുണ്ട്. മാനന്തവാടിയിലേക്കുള്ള എല്ലാ റോഡുകൾ ഉപരോധിച്ചുകൊണ്ടാണ് പ്രതിഷേധം.
രാവിലെ ഗേറ്റ് തകർത്ത് വീട്ടിലേക്ക് എത്തിയ ആന അജീഷിനെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ അജീഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിഷയത്തിൽ ഉന്നതതല യോഗം നടക്കുകയാണ്. എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, സബ് കളക്ടർ തുടങ്ങിയവരും ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്.