തൃശൂർ കാഞ്ഞാണിയിൽ ജപ്തി ഭീഷണിയെ തുടർന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ സ്വകാര്യ ബാങ്കിനെതിരെ പ്രതിഷേധം ശക്തമാകുന്നു. വിവിധ സംഘടനകൾ ബാങ്കിനു മുന്നിൽ സമരം നടത്തി. കാഞ്ഞാണി സ്വദേശി ചെമ്പൻ വിനയൻ്റെ മകൻ വിഷ്ണുവാണ് ജപ്തി നടപടികൾക്ക് മണിക്കൂറുകൾക്ക് മുമ്പ് ആത്മഹത്യ ചെയ്തത്.
ഈ മാസം രണ്ടിനാണ് വിഷ്ണു മരിച്ചത്. വീട് ജപ്തി ചെയ്യാൻ കാഞ്ഞാണിയിലെ ബാങ്കിൽ നിന്ന് ഉദ്യോഗസ്ഥർ എത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ജീവനൊടുക്കുകയായിരുന്നു. 12 വർഷം മുമ്പ് കാഞ്ഞാണിയിലെ സ്വകാര്യ ബാങ്കിൽ നിന്ന് കുടുംബം 8 ലക്ഷം രൂപ ആധാരം പണിയപ്പെടുത്തി വായ്പ എടുത്തു. 8,75,000 രൂപ തിരിച്ചടച്ചു. കൊവിഡ് കാലത്ത് അടവ് മുടങ്ങി. പലിശയടക്കം ഇനി ആറ് ലക്ഷം രൂപ ബാങ്കിന് നൽകണം.
ഒന്നര ലക്ഷം രൂപ അടയ്ക്കാമെന്നും ബാക്കി തുകയ്ക്ക് സാവകാശം വേണമെന്നും വിഷ്ണു ആവശ്യപ്പെട്ടെങ്കിലും ബാങ്ക് അധികൃതർ സമ്മതിച്ചില്ലെന്ന് പിതാവ് വിനയൻ കുറ്റപ്പെടുത്തുന്നു. ദിവസങ്ങൾ കഴിയുമ്പോൾ കാഞ്ഞാണിയിലെ ബാങ്ക് ശാഖയ്ക്ക് മുന്നിൽ വിവിധ സംഘടനകളുടെ പ്രതിഷേധം ശക്തമാണ്. ഡിവൈഎഫ്ഐ മണലൂർ ബ്ലോക്ക് കമ്മിറ്റി മാർച്ച് നടത്തി. സിപിഐഎം ഏരിയ കമ്മിറ്റിയംഗം വി.എൻ സുർജിത് ഉദ്ഘാടനം ചെയ്തു.
ബാങ്ക് മാനേജർക്കും റിക്കവറി മാനേജർക്കുമെതിരെ നരഹത്യക്ക് കേസെടുക്കണമെന്നാണ് യൂത്ത് കോൺഗ്രസിന്റെ ആവശ്യം. മണലൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ബാങ്ക് ഉപരോധം യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. സി പ്രമോദ് ഉദ്ഘാടനം ചെയ്തു. വിഷ്ണുവിൻ്റെ മരണത്തിൽ പ്രതിഷേധിച്ച് സർഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനം തൃശൂർ സമിതി കാഞ്ഞാണി ബാങ്ക് ശാഖയ്ക്ക് മുൻപിൽ ധർണ്ണയും പ്രതിഷേധയോഗവും നടത്തി. അടുത്തദിവസം ജപ്തി വിരുദ്ധ സമിതിയും പ്രതിഷേധവുമായി എത്തുമെന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്.