International

മാലിയില്‍ വംശീയാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 95 ആയി

ആഫ്രിക്കന്‍ രാഷ്ട്രമായ മാലിയില്‍ വംശീയാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 95 ആയി. മൊപ്റ്റി മേഖലയില്‍ സംഗ പട്ടണത്തിനു സമീപം ഡോഗോന്‍ വംശം താമസിക്കുന്ന സൊബേന്‍-കോവ് ഗ്രാമത്തിലാണ് ആക്രമണം നടന്നത്. കഴിഞ്ഞ ഞാറാഴ്ചയാണ് സംഭവം നടന്നത്.

ഡോഗോണ്‍ വംശജരും ഫുനാലികളും തമ്മില്‍ കടുത്ത ശത്രുത നിലവിലുണ്ട്. ഇതിന്റെ ഭാഗമായാണ് ആക്രമണം എന്നാണ് റിപ്പോര്‍ട്ടുകള്‍. ഫുനാലികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഫുനാലികള്‍ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.

രാത്രിയുടെ മറവില്‍ വീടുകളും മൃഗങ്ങളും ആക്രമിക്കപ്പെട്ടത്. മൃതദേഹങ്ങളെല്ലാം കത്തിക്കരിഞ്ഞ നിലയിലാണ്. മുന്നൂറിലധികം പേരാണ് ഈ ഗ്രാമത്തില്‍ താമസിച്ചിരുന്നത്. പ്രസിഡന്റ് ഇബ്രാഹീം ബൌബാക്കര്‍ കൈറ്റ സംഭവത്തെ അപലപിച്ചു.

ഇനിയും ആക്രമണമുണ്ടാകാതിരിക്കാനുള്ള മുന്‍കരുതലുകളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. യു.എന്‍ കണക്കുകള്‍ പ്രകാരം മരിച്ചവരുടെ എണ്ണം 95 ആണ്. അവശേഷിച്ചവര്‍ക്കായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. മാലി സര്‍ക്കാറുമായി സഹകരിച്ച് യു.എന്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

പരമ്പരാഗതമായി ഇടയന്മാരും വ്യാപാരികളുമാണ് ഫുനാലികള്‍. എന്നാല്‍ ഡോഗോണുകള്‍ കര്‍ഷകരാണ്. ജനുവരിയില്‍ നടന്ന കൂട്ടക്കൊലയില്‍ നൂറിലധികം പേരാണ് മരിച്ചത്. അതേ സമയം മാര്‍ച്ചില്‍ ഒരു തോക്കുധാരിയുടെ ആക്രമണത്തില്‍ 150-തിലധികം ഫുലാനികളാണ് കൊല്ലപ്പെട്ടത്.