India Kerala

ബാലഭാസ്‌കറിന്റെ മരണം: കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെ മൊഴി രേഖപ്പെടുത്തി

ബാലഭാസ്‌കറിന്റെ മരണത്തില്‍ ദൃക്‌സാക്ഷിയായ അജിയുടെ വെളിപ്പെടുത്തലുകളില്‍ വിശദമായ പരിശോധനക്കൊരുങ്ങി ക്രൈംബ്രാഞ്ച്. അജിയുടെ മൊഴി ക്രൈംബ്രാഞ്ച് വീണ്ടും രേഖപ്പെടുത്തി. അപകടസമയത്ത് ബാലഭാസ്‌കറിന്റെ കാറിനൊപ്പം മറ്റൊരു കാറുണ്ടായിരുന്നു എന്നതടക്കടക്കമുള്ള മൊഴിയില്‍ ഉറച്ച് നില്‍ക്കുന്നതായി അജി മീഡിയവണിനോട് പറഞ്ഞു. സംശയമുള്ള മറ്റ് മൊഴികളും ക്രൈംബ്രാഞ്ച് വിശദമായി രേഖപ്പെടുത്തും.

ബാലഭാസ്‌കറിന്റെ മരണത്തില്‍ ദൃക്‌സാക്ഷിയായ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ അജിയുടെ മൊഴി ആദ്യഘട്ടത്തില്‍ ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയെങ്കിലും മൊഴിയില്‍ സംശയകരമായി ഒന്നും ഉണ്ടായിരുന്നില്ല. എന്നാല്‍, അജി കഴിഞ്ഞദിവസം മാധ്യമങ്ങളോട് നടത്തിയ വെളിപ്പെടുത്തലുകളെ തുടര്‍ന്നാണ് വിശദമായ പരിശോധനയ്ക്ക് ക്രൈംബ്രാഞ്ച് തീരുമാനിച്ചത്.

വാഹനം ഓടിച്ചത് ബാലഭാസ്‌കര്‍ തന്നെയാണ് അജി ആവര്‍ത്തിച്ചിരുന്നു. അപകടസമയത്ത് ബാലഭാസ്‌കറിന്റെ കാറിനൊപ്പം ഒരു വെളുത്ത സ്വിഫ്റ്റ് കാര്‍ ഉണ്ടായിരുന്നതായും പള്ളിപ്പുറം കഴിഞ്ഞ് അപകടം നടക്കുമ്പോള്‍ കാര്‍ അപ്രത്യക്ഷമായതായും അജി വെളിപ്പെടുത്തിയിരുന്നു.

വാഹനമോടിച്ചത് അര്‍ജുനാണെന്ന് ദൃക്‌സാക്ഷികളും ഫോറന്‍സിക് വിദഗ്ധര്‍ ഉള്‍പ്പെട്ട പ്രത്യേക സമിതിയും അഭിപ്രായപ്പെട്ടെങ്കിലും ബാലഭാസ്‌കര്‍ തന്നെയാണ് വാഹനമോടിച്ചതെന്ന് അജി ഉറപ്പിച്ചു പറയുന്നത് സംശയത്തിന് ഇടയാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അജിയുടെ വിശദമായ മൊഴി ഇന്ന് വീണ്ടും ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയത്.

കേസില്‍ സംശയമുള്ള മറ്റ് സാക്ഷി മൊഴികളും ക്രൈംബ്രാഞ്ച് വിശദമായി രേഖപ്പെടുത്തും. വാഹനമോടിച്ചത് ആരാണെന്ന് കണ്ടെത്തുന്നതിനുള്ള ഫോറന്‍സിക് പരിശോധനാഫലം കൂടി ഇനി ലഭിക്കേണ്ടതുണ്ട്‌