ഷീല സണ്ണി നഷ്ടപരിഹാരത്തിന് കേസ് നൽകണമെന്ന് റിട്ട.ജസ്റ്റിസ് ബി.കെമാൽ പാഷ. നമ്മൾ എന്തൊക്കെ പ്രായശ്ചിത്തം ചെയ്താലും ഷീല സണ്ണി കടന്നുപോയതിന് പകരമാകില്ലെങ്കിൽ കൂടി ഷീലയ്ക്ക് തക്കതായ നഷ്ടപരിഹാരം ലഭിക്കേണ്ടതുണ്ടെന്ന് റിട്ട.ജസ്റ്റിസ് ബി.കെമാൽ പാഷ പറഞ്ഞു.
’72 ദിവസം ഈ പാവം സ്ത്രീ എന്തിന് ജയിലിൽ കിടന്നു ? അവരെ ഇത് ജീവിതകാലം വേട്ടയാടില്ലേ ? അവർ കരഞ്ഞു പറഞ്ഞു കുറ്റക്കാരിയല്ലെന്ന്. ഇത് അന്വേഷിക്കാൻ സാധിക്കാത്തവരല്ല നമ്മുടെ ഉദ്യോഗസ്ഥർ. സാധാരണക്കാരന് വേണ്ടി ആരും ഒന്നും ചെയ്യില്ലേ ?’- കെമാൽ പാഷ ചോദിച്ചു. ഷീല സണ്ണിയുടെ അനുഭവം കേട്ടുകേൾവിയില്ലാത്തതാണെന്നും കെമാൽ പാഷ പറഞ്ഞു.
നിലവിൽ ഷീല സണ്ണി നഷ്ടപരിഹാരത്തിനായി കേസ് നൽകിയിട്ടില്ല. തന്നെ ചതിച്ചത് മരുമകളും അനുജത്തിയുമെന്ന് ചേർന്നാണെന്ന് ഷീല സണ്ണി ട്വന്റിഫോറിനോട് പറഞ്ഞു. മരുമകളും അനുജത്തിയും സംഭവത്തിന് തലേദിവസം വീടിന് പുറകിൽ നിന്ന് ഒരുപാട് സംസാരിച്ചു. അത് തന്നെ ചതിക്കാനുള്ള ഗൂഢാലോചനയാണെന്ന് ഇപ്പോഴാണ് മനസിലായതെന്നും ഷീല സണ്ണി പറഞ്ഞു. എന്തിന് വേണ്ടിയാണ് ഇവർ തന്നെ ചതിച്ചതെന്ന ഉത്തരമാണ് ഷീലയ്ക്ക് അറിയേണ്ടത്.
യഥാർത്ഥ പ്രതിയെ എക്സൈസ് കണ്ടെത്തിയത് സ്വാഗതാർഹമെന്നും ഷീല സണ്ണി ട്വന്റിഫോറിനോട് പറഞ്ഞു. ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിയെ കുടുക്കി ജയിലിലടയ്ക്കാൻ എക്സൈസിനെ വഴിത്തെറ്റിച്ചയാൾ തൃപ്പുണിത്തുറ എരൂർ സ്വദേശി നാരായണദാസ് ആണെന്ന് എക്സൈസ് ക്രൈംബ്രാഞ്ച് കണ്ടെത്തി. ഷീലയുടെ അടുത്ത ബന്ധുവായ യുവതിയുടെ സുഹൃത്താണ് നാരായണദാസ്. എക്സൈസ് ഇൻസ്പെക്ടറെ വിളിച്ച് ഷീലയുടെ സ്കൂട്ടറിൽ എൽ.എസ്.ഡി. സ്റ്റാംപ് ഉണ്ടെന്ന് വിവരം നൽകിയത് ഇയാളാണ്. അന്വേഷണത്തിൻറെ അടുത്ത ഘട്ടത്തിൽ ഇതു പ്ലാൻ ചെയ്തത് ആരാണെന്ന് കൂടുതൽ വ്യക്തമാകും. എക്സൈസ് ക്രൈംബ്രാഞ്ചിൻറെ സമഗ്രമായ അന്വേഷണത്തിലാണ് ഈ വഴിത്തിരിവ്. കെമിക്കൽ ലാബിൽ നടത്തിയ പരിശോധനയിൽ ലഹരി സ്റ്റാംപ് അല്ലെന്ന് തെളിഞ്ഞിരുന്നു. അറസ്റ്റ് ചെയ്ത എക്സൈസ് ഉദ്യോഗസ്ഥനെ സസ്പെൻഡും ചെയ്തിരുന്നു.