ബാലഭാസ്കറിന്റെ മരണത്തില്‍ അന്വേഷണ സംഘം ഇന്ന് ഐ.ജിക്ക് അന്വേഷണ റിപ്പോര്‍ട്ട് കൈമാറും. കേസിലെ തുടര്‍നടപടികളെ കുറിച്ചും റിപ്പോര്‍ട്ടില്‍ വിവരിക്കും. ഫോറന്‍സിക് പരിശോധന വേഗത്തിലാക്കണമെന്നും അന്വേഷണ സംഘം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
ബാലഭാസ്കറിന്റെ മരണത്തില്‍ ഇതുവരെ ഉള്ള അന്വേഷണ പുരോഗതി വിലയിരുത്താന്‍ ഇന്നലെ അന്വേഷണ സംഘം യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിന്റെ വിലയിരുത്തലും തുടര്‍ നടപടികളുടെ വിവരങ്ങളും ഇതുവരെ ഉള്ള അന്വേഷണ റിപ്പോര്‍ട്ടുമാണ് ക്രൈംബ്രാഞ്ച് ഐ.ജിക്ക് കൈമാറുന്നത്. വാഹനം ഓടിച്ചത് അര്ജ്ജുന് തന്നെയാണെന്ന് സാക്ഷിമൊഴിയില്‍ നിന്ന് ബോധ്യപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
ഫോറന്‍സിക് പരിശോധന ഫലം കേസിന്റെ മുന്നോട്ട് പോക്കിന് അനിവാര്യമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ഈ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം ക്രൈംബ്രാഞ്ച് എ.ഡി.ജി.പി അന്വേഷണ സംഘത്തിന് നിര്‍ദ്ദേശങ്ങള്‍ നല്‍കും. വാഹനാപകടം തന്നെയാണെങ്കിലും ഗൂഡാലോചന സംബന്ധിച്ച് ക്രൈംബ്രാഞ്ചിന് സംശയങ്ങളുണ്ട്. ചില സാക്ഷിമൊഴികളാണ് ഇത്തരം സംശയത്തിലേക്ക് നയിക്കുന്നത്. ഇത് വ്യക്തമാവാന്‍ വിശദമായ മൊഴി കോടതിയില്‍ റിപ്പോര്‍ട്ട് കൊടുക്കുന്നതിന് മുമ്പ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും.