വയനാട് ചുരിമലയിൽ പിടിയിലായ കടുവയുടെ ഇനിയുള്ള കാലം തൃശ്ശൂരിൽ. പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് ആണ് ഡബ്ല്യുവൈഎസ് സീറോ നയൻ കടുവയെ മാറ്റിയത്. സീസി, കൊളഗപ്പാറ മേഖലയിൽ വളർത്തുമൃഗങ്ങളെ കൊന്നുതിന്നിരുന്ന കടുവ കഴിഞ്ഞ ദിവസമാണ് കെണിയിൽ വീണത്.
വയനാട് സൗത്തിലെ ഒമ്പതാം നമ്പർ കടുവയെ മാറ്റാൻ ഉത്തരവിറങ്ങിയത് ഇന്നലെ. രാത്രി 11 മണിയോടെയാണ് പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് വാഹനവ്യൂഹം പുറപ്പെട്ടത്. സീസി, ചൂരിമല പ്രദേശങ്ങളിൽ ആയിരുന്നു കടുവയുടെ വിഹാര കേന്ദ്രം. ഇതിനകം കൊന്നു തിന്നത് നിരവധി വളർത്തുമൃഗങ്ങളെ. വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ വീണത് ശനിയാഴ്ചയാണ്. മറ്റൊരു കടുവയോട് തല്ലുകൂടി തോറ്റതോടെ കാടിറങ്ങിയതെന്ന് സംശയം. പല്ലിനും കാലിനും പരിക്കുണ്ട്. പ്രായം 10നും 11നും ഇടയിലുള്ള ആൺകടുവയാണിത്.
കുപ്പാടിയിലെ മൃഗപരിപാലന കേന്ദ്രത്തിൽ സംരക്ഷിക്കുന്ന കടുവകളുടെ എണ്ണം ആറാണ്. ഇവിടുത്തെ സ്ഥലപരിമിതിയാണ് പ്രതിസന്ധി. ഈ കടുവയ്ക്ക് പുത്തൂരിൽ മതിയായ ചികിത്സ ഉറപ്പാക്കും. മൂടക്കൊല്ലിയിൽ പ്രജീഷിനെ കൊലപ്പെടുത്തിയ കടുവയെയും മാറ്റിയത് പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് ആണ്.
ഒരു മാസത്തിനിടെ നാലാമത്തെ വളർത്തുമൃഗമാണ് കടുവയുടെ ആക്രമണത്തിൽ ഇവിടെ കൊല്ലപ്പെട്ടത്. മൂന്ന് മാസം മുമ്പ് രാജൻ്റെ മറ്റൊരു കറവപശുവിനെയും രണ്ടാഴ്ച മുൻപ് ചെറുപുറത്ത് പറമ്പിൽ ഷെർളി കൃഷ്ണയുടെ പോത്തിനെയും കടുവ കൊന്നിരുന്നു. താണാട്ടുകുടിയിൽ രാജൻ്റെ പശുക്കിടാവിനെയും മൂന്ന് ദിവസം മുൻപ് കടുവ ആക്രമിച്ച് കൊലപ്പെടുത്തി. കടുവയുടെ സാന്നിധ്യം കണ്ടതോടെ പ്രദേശവാസികൾ കടുത്ത ആശങ്കയിലായിരുന്നു. തുടർന്ന് ഇന്ന് രാവിലെ കൂടുകളും ക്യാമറയും സ്ഥാപിക്കുകയും ദൗത്യം ഊർജ്ജിതമാക്കുകയും ചെയ്തു. ബീനാച്ചി എസ്റ്റേറ്റിൽ സ്ഥാപിച്ച കൂട്ടിലാണ് കടുവ വീണത്.