Sports

ചരിത്രമെഴുതി രോഹൻ ബൊപ്പണ്ണ; പുരുഷ ഡബിൾസിൽ ലോക ഒന്നാം നമ്പർ ആകുന്ന ഏറ്റവും പ്രായം കൂടിയ താരം

പുരുഷ ഡബിൾസിൽ ടെന്നീസ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായംകൂടിയ താരമെന്ന ചരിത്ര നേട്ടം സ്വന്തമാക്കി രോഹൻ ബൊപ്പണ്ണ. 43-ാം വയസിലാണ് താരത്തിന്റെ നേട്ടം. ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിന്റെ സെമി ഫൈനലിൽ എത്തിയതിന് പിന്നാലെയാണ് രോഹൻ ബൊപ്പണ്ണയെ തേടി ഈ അപൂർവ്വ നേട്ടം എത്തിയത്. കരിയറിൽ ആദ്യമായി ബൊപ്പണ്ണ ടെന്നിസ് ലോക റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തുന്നത്.

ബുധനാഴ്ച നടന്ന ക്വാര്‍ട്ടറില്‍ അര്‍ജന്റീനയുടെ മാക്സിമോ ഗോണ്‍സാലസ് – ആന്ദ്രേസ് മോള്‍ട്ടെനി സഖ്യത്തെ പരാജയപ്പെടുത്തിയായിരുന്നു (6-4, 7-6 (5) ബൊപ്പണ്ണ – എബ്‌ഡെന്‍ സഖ്യത്തിന്റെ സെമി പ്രവേശനം. പുതിയ ഡബിൾസ് റാങ്കിംഗിൽ ഓസ്ട്രേലിൻ താരം മാത്യു എബ്ഡെൻ രണ്ടാം സ്ഥാനത്തെത്തി. ഓസ്ട്രലിയൻ ഓപ്പൺ വിജയിച്ചാൽ ബൊപ്പണ്ണയ്ക്ക് ​കരിയറിൽ ആദ്യമായി ​ഗ്രാൻഡ്സ്ലാം കിരീടം നേടാം. മുമ്പ് രണ്ട് തവണ ​ഗ്രാൻഡ്സ്ലാം കിരീടത്തിന് അരികിലെത്തിയെങ്കിലും ബൊപ്പണ്ണയുടെ സഖ്യം പരാജയപ്പെട്ടുപോയി.

അമേരിക്കൻ ഡബിൾസ് സ്പെഷ്യലിസ്റ്റ് രാജീവ് റാമിൻ്റെ(38) പേരിലായിരുന്നു റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോഡ്. 2022 മാർച്ചിലായിരുന്നു ഈ നേട്ടം. മഹേഷ് ഭൂപതി, ലിയാണ്ടർ പേസ്, സാനിയ മിർസ എന്നിവർക്ക് ശേഷം ഡബിൾസിൽ ഒന്നാം റാങ്കിലെത്തുന്ന നാലാമത്തെ ഇന്ത്യൻ താരമാണ് ബൊപ്പണ്ണ. നേരത്തേ ഓപ്പണ്‍ യുഗത്തില്‍ ഗ്രാന്‍ഡ്സ്ലാം ഫൈനലിലെത്തുന്ന ഏറ്റവും പ്രായംകൂടിയ താരമെന്ന നേട്ടം സ്വന്തമാക്കി ഒരു വര്‍ഷത്തിനുള്ളിലാണ് താരത്തെ കാത്ത് പുതിയ റെക്കോഡ് എത്തുന്നത്.