India Kerala

പ്രതിപക്ഷ സംഘടനകളുടെ പണിമുടക്ക് ഇന്ന്; ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ

ഡിഎ കുടിശിക അടക്കം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പ്രതിപക്ഷ സംഘടനകളുടെ പണിമുടക്ക് സമരം ഇന്ന്. യുഡിഎഫ് അനുകൂല സര്‍വീസ് സംഘടനകളും ബിജെപി അനുകൂല സംഘടന ഫെറ്റോയും ഉൾപ്പടെയുള്ളവരാണ് പണിമുടക്കുന്നത്. അടിയന്തര സാഹചര്യത്തിലല്ലാത്ത അവധികൾ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ സര്‍ക്കാര്‍ സമരം നേരിടാൻ ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ട്.

ശമ്പള പരിഷ്കരണ കുടിശിക, ആറു ഗഡു ഡിഎ കുടിശിക, ലീവ് സറണ്ടര്‍ ആനുകൂല്യങ്ങൾ തുടങ്ങി പൊതു സര്‍വീസിലെ മാനദണ്ഡം പാലിക്കാത്ത സ്ഥലം മാറ്റങ്ങൾ തുടങ്ങി വിവിധ വിഷയങ്ങൾ ഉന്നയിച്ചാണ് സമരം.

എന്നാൽ അധ്യാപകരും ഇതര സർക്കാർ ജീവനക്കാരും നടത്തുന്ന പണിമുടക്കിനെതിരെ ഡയസ്നോൺ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. പണിമുടക്കിൽ പങ്കെടുക്കുന്നവർക്ക് ശിക്ഷാ നടപടികൾ നേരിടേണ്ടി വരും. പ്രതിപക്ഷ സംഘടനകൾ പണിമുടക്ക് സംഘടിപ്പിക്കുന്നത്. ചീഫ് സെക്രട്ടറി ഡോ. വേണു വി. ഡയസ്നോൺ ഉത്തരവ് ഇറക്കിയിട്ടുണ്ട്. അനധികൃതമായി ജോലിക്ക് ഹാജരാകാതെ ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കുന്നത് ഡയസ്‌നോണായി കണക്കാക്കുമെന്ന് പൊതുഭരണ വകുപ്പ് ചീഫ് സെക്രട്ടറി ഉത്തരവിൽ പറഞ്ഞു.

ഇതിനിടെ സർക്കാർ നൽകാനുള്ള വിവിധ കുടിശ്ശികകളുടെ കണക്ക് പുറത്തുവന്നു. 7973.50 കോടിയാണ് ജീവനക്കാർക്കുള്ള ഡിഎ കുടിശ്ശിക. പെൻഷൻകാർക്കുള്ള ഡിഎ കുടിശ്ശിക 4722.63 കോടിയാണ്. പേ റിവിഷൻ കുടിശ്ശികയിനത്തിൽ ജീവനക്കാർക്ക് 4000 കോടി നൽകാനുണ്ട്. ചീഫ് സെക്രട്ടറി സുപ്രീംകോടതിയിൽ സമർപ്പിച്ച കണക്കുകളാണിത്.