National

ഭാരത് ജോഡോ ന്യായ് യാത്രയിൽ നിതീഷ് കുമാർ പ​ങ്കെടുക്കും

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പ​ങ്കെടുക്കും. ഈ മാസം 30നാണ് യാത്ര ബീഹാറിൽ എത്തുന്നത്. നാല് ജില്ലകളിൽ മൂന്ന് ദിവസം യാത്ര പര്യടനം നടത്തും. യാത്രയിൽ ഉടനീളം നിതീഷ് കുമാറും തേജസ്വി യാദവും പങ്കെടുക്കുമെന്ന് കോൺഗ്രസ് നേതാവ് പ്രേംചന്ദ്ര മിശ്ര അറിയിച്ചു.

പശ്ചിമബംഗാളിലെ സിലിഗുരിയിൽ നിന്നും ബിഹാറിലെ കിഷൺഗഞ്ചിലേക്ക് യാത്ര കടക്കുമെന്ന് എം.എൽ.സിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പ്രേംചന്ദ്ര മിശ്ര പറഞ്ഞു. റാലിയിൽ ഇൻഡ്യ സഖ്യത്തിലെ തങ്ങളുടെ പങ്കാളിയും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ പ​ങ്കെടുക്കുമെന്നും പ്രേംചന്ദ്ര മിശ്ര പറഞ്ഞു.

ആർ.ജെ.ഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിനും റാലിക്കുള്ള ക്ഷണക്കത്ത് അയച്ചിട്ടുണ്ട്. പൂർണിയയിലോ ജനുവരി 31ന് കത്തിയാറിലോ നടക്കുന്ന റാലിയിൽ അദ്ദേഹം പ​ങ്കെടുക്കും. ഇ.ഡിയുടെ സമൻസ് അനുസരിച്ചാവും അദ്ദേഹത്തിന്റെ വരവ്.

സി.പി.ഐ, സി.പി.ഐ(എം), സി.പി.ഐ(എം.എൽ) തുടങ്ങിയ പാർട്ടികളേയും ന്യായ് യാത്രയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. അവരെല്ലാം പരിപാടിയിൽ പ​ങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും കോൺഗ്രസ് നേതാവ് പ്രേംചന്ദ്ര മിശ്ര വ്യക്തമാക്കി.

അതേസമയം ന്യായ് യാത്രയുടെ പര്യടനം അസമിൽ തുടരുകയാണ്. ന്യായ് യാത്രക്ക് നേരെ വലിയ അക്രമപ്രവർത്തനങ്ങളാണ് അസമിൽ ബി.ജെ.പി നടത്തുന്നത്. ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി അസമിലെ വഴിയോര ഭക്ഷണശാല സന്ദർശിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് നേരെ കഴിഞ്ഞ ദിവസവും പ്രതിഷേധമുണ്ടായിരുന്നു.