സഹകരണ ബാങ്കുകളുടെ ജപ്തി നടപടികൾക്ക് വിലക്ക്. സർഫാസി നിയമത്തിൽ നിന്നും സംസ്ഥാനത്തെ സഹകരണ ബാങ്കുകളെ ഒഴിവാക്കാൻ സർക്കാർ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. 2 ലക്ഷം വരെയുള്ള കാർഷിക കടങ്ങൾ എഴുതിതള്ളാനുള്ള നടപടിയിലേക്ക് സർക്കാർ പോകുമെന്ന് കൃഷി മന്ത്രി വി.എസ് സുനിൽകുമാറും പറഞ്ഞു. അതേസമയം 2,691 പേരുടെ വീടുകൾ സഹകരണ ബാങ്കുകുകൾ തന്നെ ജപ്തി ചെയ്തെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
സർഫാസി നിയമമാണ് കർഷക ആത്മഹത്യയിലേക്ക് നയിക്കുന്നതെന്നായിരുന്നു കർഷകരുടെ ആത്മഹത്യ സംബന്ധിച്ച അടിയന്തിര പ്രമേയ നോട്ടീസിന് കൃഷി മന്ത്രി മറുപടി പറഞ്ഞത്. കേന്ദ്രസർക്കാർ നിയമമായതിനാൽ സർക്കാർ ഇടപെടലിനുള്ള പരിമിതിയാണ് കൃഷി മന്ത്രി സൂചിപ്പിച്ചത്. ഇതിനിടെ സഹകരണ ബാങ്ക് ജപ്തി ചെയ്തവരുടെ കണക്കുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എഴുന്നേറ്റു.
സർഫാസി നിയമം നടപ്പിലാക്കാൻ മറ്റു ബാങ്കുകളെ പോലെ സഹകരണ ബാങ്കുകൾക്കും ബാധ്യതയുണ്ടെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ വിശദീകരിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി സുപ്രധാന നയ പ്രഖ്യാപനം നടത്തിയത്. കാർഷിക കടാശ്വാസ കമ്മീഷന്റെ പരിധി 2014 വരെയുള്ള വായ്പകൾ ഉൾപ്പെടുത്തി കാർഷിക കടങ്ങൾ എഴുതിത്തള്ളാൻ ആണ് സർക്കാർ ആലോചിക്കുന്നതെന്ന് കൃഷി മന്ത്രി വി എസ് സുനിൽകുമാർ പറഞ്ഞു. പ്രഖ്യാപനങ്ങൾ മാത്രമാണ് സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു.