രാജ്യം കാത്തിരിക്കുന്ന അയോധ്യയിലെ രാംലല്ല വിഗ്രഹം പ്രതിഷ്‌ഠിച്ചു. ആറുദിവസം നീണ്ട പ്രത്യേക ചടങ്ങുകൾക്ക് ശേഷം ബാലരാമവിഗ്രഹത്തിന് (രാംലല്ല) പ്രതിഷ്‌ഠിച്ചു. ഉച്ചയ്ക്ക് പന്ത്രണ്ടിനുശേഷമുള്ള അഭിജിത് മുഹൂര്‍ത്തത്തിലാണ് പ്രാണപ്രതിഷ്ഠ നടന്നത്. ചടങ്ങുകൾക്ക് പ്രധാനമന്ത്രി നേതൃത്വം നൽകി. ആർഎസ്എസ് മേധാവിക്കൊപ്പമാണ് മോദി ചടങ്ങിൽ പങ്കെടുത്തത്.
ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്, ശ്രീരാമ ജന്മഭൂമി തീർത്ഥ ട്രസ്റ്റ് അദ്ധ്യക്ഷൻ മഹന്ത് നൃത്യഗോപാൽ ദാസ്, ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരുടെയും സാന്നിധ്യമുണ്ടായിരുന്നു.
12:29:8 മുതൽ 12:30: 32 നാഴിക വരെയുള്ള പവിത്രമായ അഭിജിത്ത് മുഹൂർത്തത്തിലായിരുന്നു പ്രാണ പ്രതിഷ്ഠ. 84 സെക്കൻഡ് നേരത്തോളം ചടങ്ങ് നീണ്ടു. കാശിയിലെ ഗണേശ്വര്‍ ശാസ്ത്രി ദ്രാവിഡിന്റെ മേല്‍നോട്ടത്തില്‍ പണ്ഡിറ്റ് ലക്ഷ്മീകാന്ത് ദീക്ഷിതാണ് പൂജകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെ 8000 വിശിഷ്ടാതിഥികളുടെ സാന്നിധ്യവുമുണ്ടാകും.51 ഇഞ്ച് ഉയരമുള്ള കൃഷ്ണശിലയിൽ കൊത്തിയെടുത്ത മൂന്നടി വീതിയുള്ള വിഗ്രഹമാണ് അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ ഗർഭഗൃഹത്തിൽ പ്രതിഷ്ഠിച്ചത്. അഞ്ച് വയസുകാരന്റെ രൂപത്തിലാണ് ശ്രീരാമ വിഗ്രഹം കൊത്തിയെടുത്തത്.
പ്രാണപ്രതിഷ്ഠയ്ക്കുമുമ്പ് രാജ്യത്തെ 50 പരമ്പരാഗത സംഗീതോപകരണങ്ങൾ ഉപയോഗിച്ചുള്ള മംഗളധ്വനി അരങ്ങേറും. ചടങ്ങിനോടനുബന്ധിച്ച് തിങ്കളാഴ്ച വൈകിട്ട് അയോധ്യയിലെ വിവിധ ക്ഷേത്രങ്ങളിലായി പത്തുലക്ഷം മൺചിരാതുകളിൽ തിരിതെളിയും.
പൊലീസും കേന്ദ്രസേനകളും കനത്തസുരക്ഷ ഉറപ്പാക്കുമ്പോഴും അയോധ്യ ആഘോഷ തിമിർപ്പിലാണ്. രാമക്ഷേത്രത്തിന്റെ കവാടങ്ങളും പ്രധാനവീഥികളും പുഷ്പാലംകൃതമാണ്. പരിസരങ്ങളിലായി മഹാരാഷ്ട്രയിൽനിന്നെത്തിച്ച 7500 പൂച്ചെടികൾ നട്ടു. നഗരവീഥികളിലെങ്ങും കൊട്ടും പാട്ടും കലാപരിപാടികളും. തീർഥാടകര്‍ക്ക് പലയിടത്തും സൗജന്യഭക്ഷണവും നല്‍കുന്നുണ്ട്.