ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് നടക്കുന്ന വേദിയിലേക്ക് നടക്കുന്നതിനിടെയാണ് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന് കാലിടറിയത്. എന്നാൽ തൊട്ട് പിന്നിലുണ്ടായിരുന്ന പ്രധാനമന്ത്രി സ്റ്റാലിനെ വീഴാതെ താങ്ങി നിർത്തുകയായിരുന്നു. ഇതിന്റെ വിഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇന്ത്യ ടുഡേ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.
വേദിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി എംകെ സ്റ്റാലിനും സംസാരിച്ചുകൊണ്ട് നീങ്ങുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. തൊട്ടുപിന്നിലായി കായികവകുപ്പ് മന്ത്രി ഉദയനിധി സ്റ്റാലിനുമുണ്ടായിരുന്നു. പെട്ടെന്ന് കാൽ വഴുതിയതിനെത്തുടര്‍ന്ന് സ്റ്റാലിന് ബാലൻസ് നഷ്ടപ്പെട്ടു. ഒപ്പമുണ്ടായിരുന്ന പ്രധാനമന്ത്രി ഉടനെ തന്നെ സ്റ്റാലിന്റെ ഇടതുകൈയിൽ പിടിച്ച് വീഴാതെ താങ്ങി നിർത്തുന്നതാണ് വിഡിയോയിലുള്ളത്.
ഇന്ത്യയെ ആഗോള കായിക ഇക്കോസിസ്റ്റത്തിന്റെ കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമങ്ങൾ നടത്തുന്നതായും 2036-ലെ ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും ഖേലോ ഇന്ത്യ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.