സ്കൂളുകളില്‍ ജലസംരക്ഷണ സന്ദേശം നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയന് ശാന്തിവനത്തിലെ കൊച്ചുസമരനായിക ഉത്തരയുടെ കത്ത്. തണ്ണീര്‍ത്തടങ്ങളടക്കമുളള ജലസ്രോതസ്സുകളെ സംരക്ഷിക്കേണ്ട ആവശ്യകത കുട്ടികളെ ബോധ്യപ്പെടുത്തുന്ന മുഖ്യമന്ത്രിയോട് ശാന്തിവനം സംരക്ഷിക്കാന്‍ ഇടപെടണമെന്നാണ് ഉത്തര ആവശ്യപ്പെടുന്നത്.
ശാന്തിവനത്തിന്റെ ഉടമ മീന മേനോന്റെ മകളാണ് ഉത്തര. പ്രവേശനോത്സവ ദിനത്തിലാണ് സ്കൂളുകളില്‍ ജലസംരക്ഷണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ സന്ദേശം കുട്ടികള്‍ക്ക് വിതരണം ചെയ്തത്. പത്താം ക്ലാസ് വിദ്യാര്‍ഥിയായ ഉത്തരയുടെ കത്തിലെ പ്രസക്തഭാഗങ്ങള്‍ ഇതാണ്;
ജലമലിനീകരണം തടഞ്ഞുകൊണ്ട് ജലസ്രോതസ്സുകള്‍ സംരക്ഷിക്കാനുളള ഉത്തരവാദിത്തത്തെക്കുറിച്ച് നമുക്ക് ഓരോരുത്തര്‍ക്കും അവബോധം ഉണ്ടാകേണ്ടതുണ്ട്. ശാന്തിവനം എന്ന് വിളിക്കുന്ന തന്റെ വീടിനടുത്ത് മണ്ണിനടിയില്‍ ധാരാളം ജലം സംഭരിച്ചുവെക്കാന്‍ സഹായിക്കുന്ന ഉറവവറ്റാത്ത മൂന്ന് കാവുകളും കുളങ്ങളും ഉണ്ട്. മുത്തച്ഛനും അമ്മയും നട്ട ധാരാളം മരങ്ങളും വെളളം സംരക്ഷിച്ചു നിര്‍ത്താന്‍ വലിയ പങ്ക് വഹിക്കുന്നു.
എന്നാല്‍ കെ.എസ്.ഇ.ബി വൈദ്യുതി ലൈന്‍ വലിക്കാന്‍ ടവര്‍ സ്ഥാപിക്കാനായി ഭൂമിയ 50മീറ്റര്‍ തുളച്ചപ്പോള്‍ തൊട്ടടുത്ത കുളത്തിലെ ജലനിരപ്പ് കുത്തനെ കുറഞ്ഞു. നിര്‍മാണം ആരംഭിച്ചപ്പോള്‍ ചെളി ഒഴുക്കി അടിക്കാട് മുഴുവന്‍ നശിപ്പിച്ചു. പക്ഷിമൃഗാദികളെല്ലാം ഭയന്നുവിറച്ച് ഉള്‍വലിഞ്ഞു. ഇതെല്ലാം പ്രകൃതിയെ നിഷ്കരുണം നശിപ്പിക്കുന്നതിന്റെ അടയാളങ്ങള്‍ ആയിരുന്നു.
മുഖ്യമന്ത്രിയെ നേരില്‍ കണ്ടപ്പോള്‍ വിഷയം ചര്‍ച്ചചെയ്യാം എന്ന ഉത്തരം ഏറെ പ്രതീക്ഷ നല്‍കുന്നുവെന്നും പ്രകൃതിസംരക്ഷണത്തിന് ഊന്നല്‍ നല്‍കി ശാന്തിവനത്തെ സംരക്ഷിക്കണമെന്നും ഉത്തര കത്തിലൂടെ മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നു.