മഹാരാജാസ് കോളേജിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രതിഷേധ പ്രകടനം നടത്തിയ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്. പ്രകടനം നടത്തി മാർഗതടസം സൃഷ്ടിച്ചു എന്ന കുറ്റത്തിനാണ് കേസ്. കണ്ടാൽ അറിയാവുന്ന 200 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
മഹാരാജാസ് കോളേജിൽ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിക്ക് നേരെ ഉണ്ടായ വധശ്രമത്തിൽ കൂടുതൽ അറസ്റ്റിന് സാധ്യത. കത്തിക്കുത്തുമായി ബന്ധപ്പെട്ട 15 പേർക്കെതിരെയാണ് ഇതുവരെ പൊലീസ് കേസെടുത്തത്. 15 പേരും കെഎസ്യു, ഫ്രട്ടേണിറ്റി സംഘടനകളുടെ സജീവ പ്രവർത്തകരാണ്. കേസുമായി ബന്ധപ്പെട്ട് കെ എസ് യു പ്രവർത്തകൻ ഇജിലാലിനെയാണ് പൊലീസ് അവസാനമായി അറസ്റ്റ് ചെയ്തത്. കേസിൽ എട്ടാം പ്രതിയാണ് ഇജിലാൽ. എസ്എഫ്ഐ യൂണിറ്റ് നാസർ അബ്ദുൾ റഹ്മാനായിരുന്നു കുത്തേറ്റത്.
മൂന്നാം വർഷ ഇംഗ്ലീഷ് ബിരുദ വിദ്യാർത്ഥി അബ്ദുൾ മാലിക്കിനെ ഒന്നാംപ്രതി ആക്കിയാണ് കേസ്. കേസിൽ പ്രതിചേർക്കപ്പെട്ട രണ്ടുപേർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർ ആശുപത്രി വിട്ടാൽ ഉടനെ അറസ്റ്റ് ചെയ്യാനും പൊലീസ് നീക്കമുണ്ട്.
അക്രമി സംഘത്തിൽ ക്യാമ്പസിന് പുറത്തു നിന്നുള്ളവരും ഉണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ കൊച്ചിയിലെ ഗുണ്ടാസംഘങ്ങളിലേക്കും അന്വേഷണം നീളുന്നുണ്ട്. കഴിഞ്ഞ ദിവസം ക്യാമ്പസിനുള്ളിൽ വെച്ച് അധ്യാപകനെ ആക്രമിച്ച ഫ്രട്ടേണിറ്റി പ്രവർത്തകനെതിരെ പ്രതിഷേധിച്ചതിലുള്ള വിരോധമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്നാണ് എഫ്ഐആറിലെ വിശദീകരണം.
വധശ്രമം ഉൾപ്പെടെ 9 വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിയിരിക്കുന്നത്. വിദ്യാർഥിനികളടക്കം പട്ടികയിലുണ്ട്. നേരത്തെ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എസ്എഫ്ഐ നേതാവിനെ കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് പ്രതികളെത്തിയതെന്നാണ് എഫ്ഐആറിൽ പറയുന്നു. കഴുത്തിന് നേരെ കത്തി വീശിയെന്നും കെമിസ്ട്രി ലാബിന് സമീപം കൊലപ്പെടുത്താൻ ശ്രമിച്ചെന്നും എഫ്ഐആറിലുണ്ട്. വിദ്യാർഥികളുടെ സംഘർഷത്തെ തുടർന്ന് മഹാരാജാസ് കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചു.
മഹാരാജാസിലെ സംഘർഷം എസ്എഫ്ഐ വിളിച്ചു വരുത്തിയതാണെന്നും ഒരു മാസത്തിനിടെ എസ്എഫ്ഐയുടെ നേതൃത്വത്തിൽ നിരവധി സംഘർഷങ്ങളാണ് നടന്നതെന്നും കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ ആരോപിച്ചിരുന്നു. എസ്എഫ്ഐയുടെ ആക്രമണം നേരിട്ട ആരെങ്കിലും തിരിച്ചടിച്ചതാവാം. സംഭവത്തിലേക്ക് കെഎസ്.യുവിന്റെ പേര് വലിച്ചിഴച്ചത് അനാവശ്യമാണ്. മഹാരാജാസിലെ സംഭവങ്ങളിൽ പൊലീസ് എസ്എഫ്ഐ പറയുന്നതു മാത്രം കേൾക്കുകയാണ്. എസ്എഫ്ഐയും ഇടത് അനുകൂലികളായ അധ്യാപകരും ക്യാമ്പസിൽ ഒരുമിച്ച് പ്രവർത്തിക്കുകയാണെന്നും അലോഷ്യസ് സേവ്യർ ആരോപിച്ചു.