ടാറ്റ മോട്ടോഴ്സിന്റെ നാലാമത്തെ ഇലക്ട്രിക് മോഡലായ മൈക്രോ എസ് യുവി ശ്രേണിയിലെ പഞ്ച് അവതരിപ്പിച്ചു. രണ്ടു വിഭാഗങ്ങളിലായി അഞ്ചു വേരിയന്റിലായാണ് പഞ്ച് എത്തുന്നത്. 10.99 ലക്ഷം രൂപ മുതൽ 14.49 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. സ്റ്റാന്റേഡ് റേഞ്ച്, ലോങ്ങ് റേഞ്ച് എന്നീ രണ്ട് വിഭാഗങ്ങളിലായി സ്മാർട്ട്, സ്മാർട്ട് പ്ലസ്, അഡ്വഞ്ചർ, എംപവേഡ്, എംപവേഡ് പ്ലസ് എന്നിങ്ങനെയാണ് വേരിയന്റുകൾ.
35 കിലോവാട്ട് ബാറ്ററി പാക്കുള്ള ലോങ്ങ് റേഞ്ച് മോഡൽ ഒറ്റത്തവണ ചാർജിൽ 421 കിലോമീറ്ററും 25 കിലോവാട്ട് ബാറ്ററി പാക്കുള്ള മീഡിയം റേഞ്ച് 315 കിലോമീറ്റർ റേഞ്ചും ഉറപ്പാക്കുന്നു. പഞ്ച് ഇലക്ട്രിക് മോഡൽ ലൈനപ്പിൽ ലോങ്ങ് റേഞ്ച് മോഡലിൽ 122 എച്ച്.പി. പവറും 190 എൻ.എം. ടോർക്കുമേകുന്ന ഇലക്ട്രിക് മോട്ടോറും മീഡിയം റേഞ്ച് മോഡലിൽ 81 എച്ച്.പി. പവറും 114 എൻ.എം. ടോർക്കുമേകുന്ന ഇലക്ട്രിക് മോട്ടോറുമാണ് നൽകിയിരിക്കുന്നത്.
സീവീഡ് ഡ്യുവൽ ടോൺ, എംപവേർഡ് ഓക്സൈഡ് ഡ്യുവൽ ടോൺ, ഫിയർലെസ് റെഡ് ഡ്യുവൽ ടോൺ, ഡേടോണ ഗ്രേ ഡ്യുവൽ ടോൺ, പ്രിസ്റ്റൈൻ വൈറ്റ് ഡ്യുവൽ ടോൺ എന്നിങ്ങനെ അഞ്ചു കളർ ഓപ്ഷനുകളിലായി പഞ്ചിന്റെ ഇലക്ട്രിക് പതിപ്പിന് ഉള്ളത്. പൂർണമായും ഇലക്ട്രിക് പ്ലാറ്റ്ഫോമിൽ ഒരുങ്ങുന്ന ടാറ്റയുടെ ആദ്യ ഇലക്ട്രിക് മോഡലാണ് പഞ്ച് ഇ.വി. പ്യുവർ ഇലക്ട്രിക് പ്ലാറ്റ്ഫോം എന്ന് ടാറ്റ് വിശേഷിപ്പിക്കുന്ന ആക്ടി ഇ.വി. പ്ലാറ്റ്ഫോമിലാണ് ഈ വാഹനം ഒരുങ്ങിയിരിക്കുന്നത്.
നെക്സോൺ ഇ.വിയിലെ നിരവധി ഫീച്ചറുകൾ പഞ്ച് ഇലക്ട്രികിലും കാണാം.10.25 ഇഞ്ച് വലിപ്പമുള്ള ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഇൻസ്ട്രുമെന്റ് ക്ലെസ്റ്റർ എന്നിവ നൽകിയിട്ടുണ്ട്. 360 ഡിഗ്രി ക്യാമറ, വെന്റിലേറ്റഡ് സീറ്റുകൾ, എയർ പ്യൂരിഫയർ തുടങ്ങിയ ഫീച്ചറുകളാണ് നൽകിയിട്ടുള്ളത്. ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നിവയോടൊപ്പം വയർലസ് ചാർജിങ് പാഡ്, ഇലക്ട്രോണിക് പാർക്കിങ് ബ്രേക്ക്, ക്രൂയിസ് കൺട്രോൾ, ബ്ലൈൻഡ് സ്പോട് മോണിറ്റർ, ആറു എയർബാഗുകൾ എന്നിവയും പഞ്ചിൽ സജ്ജീകരിച്ചിരിക്കുന്നു.