രോഹിത് ശർമയുടെയും റിങ്കു സിംഗിന്റെയും തീപ്പൊരി ബാറ്റിങ്ങിൽ ട്വന്റി20 പരമ്പരയിലെ മൂന്നാമത്തെ മത്സരത്തിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 212 റൺസെടുത്തു. അഞ്ചാം വിക്കറ്റിൽ ഇരുവരും ചേർന്ന് നേടിയ 190 റൺസ് കൂട്ടുകെട്ടാണ് സ്കോർ 200-ൽ എത്തിച്ചത്.
രോഹിത് ശർമ 69 പന്തിൽ 121 റൺസെടുത്തു. എട്ടു സിക്സും 11 ഫോറുമടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്സ്. ട്വന്റി20 യിൽ രോഹിത്തിന്റെ അഞ്ചാം സെഞ്ച്വറിയാണിത്. റിങ്കു 39 പന്തിൽ 69 റൺസെടുത്തു. ആറു സിക്സും രണ്ടു ഫോറും.
നേരത്തെ, ടോസ് നേടിയ നായകൻ രോഹിത് ശർമ ബാറ്റിങ് തെരഞ്ഞടുക്കുകയായിരുന്നു. ഓപ്പണർ യശസ്വി ജയ്സ്വാൾ (ആറു പന്തിൽ നാല് റൺസ്), വിരാട് കോഹ്ലി (പൂജ്യം), ശിവം ദുബെ (ആറു പന്തിൽ ഒന്ന്), സഞ്ജു സാംസൺ (പൂജ്യം) എന്നിവരെല്ലാം അലക്ഷ്യമായ ഷോട്ടുകളിലൂടെ വിക്കറ്റ് വലിച്ചെറിഞ്ഞു. ഇതോടെ 4.3 ഓവറിൽ നാലു വിക്കറ്റിന് 22 റൺസെന്ന നിലയിലേക്ക് ഇന്ത്യ തകർന്നു. എന്നാൽ, രോഹിത്തും റിങ്കുവും ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. ഫരീദ് അഹ്മദിന്റെ പന്തിൽ വലിയ ഷോട്ടിന് ശ്രമിച്ചാണ് ജയ്സ്വാൾ പുറത്തായത്.
അഫ്ഗാനുവേണ്ടി ഫരീദ് അഹ്മദ് മൂന്നു വിക്കറ്റ് നേടി. അസ്മത്തുല്ല ഉമർസായി ഒരുവിക്കറ്റും വീഴ്ത്തി.കഴിഞ്ഞ രണ്ടു മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. സഞ്ജുവിനെ പുറമെ പേസർ ആവേശ് ഖാനും സ്പിന്നർ കുൽദീപ് യാദവും പ്ലെയിങ് ഇലവനിൽ ഇടംകണ്ടെത്തി. അക്സർ പട്ടേൽ, അർഷ്ദീപ് സിങ്, ജിതേഷ് ശർമ എന്നിവർ പുറത്തായി. നാലു മാറ്റങ്ങളുമായാണ് അഫ്ഗാൻ ടീം കളിക്കാനിറങ്ങുന്നത്.
പ്ലേയിംഗ് ഇലവനുകള്‍
ഇന്ത്യ: യശസ്വി ജയ്സ്വാള്‍, രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), വിരാട് കോലി, ശിവം ദുബെ, സഞ്ജു സാംസണ് (വിക്കറ്റ് കീപ്പര്‍), റിങ്കു സിംഗ്, വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്ണോയി, മുകേഷ് കുമാര്‍, കുല്‍ദീപ് യാദവ്, ആവേഷ് ഖാന്.
അഫ്ഗാനിസ്ഥാന്: റഹ്മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), ഇബ്രാഹിം സദ്രാന് (ക്യാപ്റ്റന്‍), ഗുല്‍ബാദിന്‍ നൈബ്, അസമത്തുള്ള ഒമര്‍സായ്, മുഹമ്മദ് നബി, നജീബുള്ള സദ്രാന്, കരീം ജനാത്ത്, ഷറഫുദ്ദീന് അഷ്റഫ്, ഖ്വായിസ് അഹമ്മദ്, മുഹമ്മദ് സലീം സാഫി, ഫരീദ് അഹമ്മദ് മാലിക്.