സംസ്ഥാനത്തെ ആറ് ജില്ലകൾക്ക് ഇന്ന് അവധി. തൈപ്പൊങ്കൽ, മകരശീവേലി, മകരവിളക്ക് എന്നിവ പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ജില്ലകളിലാണ് അവധി. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, പത്തനംതിട്ട, പാലക്കാട്, വയനാട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.മകരശീവേലി പ്രമാണിച്ചാണ് തിരുവനന്തപുരം ജില്ലയിൽ സ്കൂളുകള്‍ക്ക് അവധി നല്‍കിയിട്ടുള്ളത്.
കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ മകരവിളക്കുമായി ബന്ധപ്പെട്ടാണ് അവധി. പാലക്കാട്, വയനാട് ജില്ലകള്‍ക്ക് തൈപ്പൊങ്കലുമായി ബന്ധപ്പെട്ടാണ് അവധി. അവധി നേരത്തെ തന്നെ സർക്കാർ വിജ്ഞാപനം ചെയ്യുകയും സർക്കാർ കലണ്ടറിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു.ആറ് ജില്ലകളിലെയും കെഎസ്ഇബി ഓഫീസുകൾക്ക് ഇന്ന് അവധിയായിരിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു.
ക്യാഷ് കൗണ്ടറുകളും പ്രവർത്തിക്കില്ല. ഓൺലൈൻ മാർഗ്ഗങ്ങളിലൂടെ ഉപഭോക്താക്കൾക്ക് പണമടയ്ക്കാവുന്നതാണ്. പൊങ്കല്‍, മകരവിളക്ക് ആഘോഷങ്ങളുടെ ഭാഗമായി യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കാൻ ദക്ഷിണ റെയില്‍വേ പ്രത്യേക ട്രെയിന്‍ സര്‍വീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. യശ്വന്ത്പുർ – കൊച്ചുവേളി, കൊല്ലം – ചെന്നൈ എഗ്മോർ റൂട്ടുകളിലാണ് പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.