ദേശീയതലത്തിൽ തന്റെ സ്വതന്ത്ര വ്യക്തിത്വം അംഗീകരിക്കപ്പെട്ടില്ലെന്ന് പോളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. പ്രകാശ് കാരാട്ടിന്റെ ഭാര്യ മാത്രമായി പരിഗണിച്ചുവെന്ന് അവർ കുറ്റപ്പെടുത്തി.പാർട്ടിയിലെ രാഷ്ട്രീയമായ ഭിന്നതകളുടെ സന്ദർഭങ്ങളിൽ ഈ സമീപനം കൂടുതലായിരുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി.
‘ആൻ എജ്യൂക്കേഷൻ ഫോർ റീത’ എന്ന ഓർമ്മക്കുറിപ്പുകളുടെ പുസ്തകത്തിലാണ് വ്യന്ദയുടെ പരാമർശം.
അധികമായ സൂക്ഷ്മ പരിശോധനയുടെ ഭാരം തനിക്ക് നേരിടേണ്ടിവന്നുവെന്നും തന്റെ സത്വത്തെ പ്രകാശ് കാരാട്ടിന്റെ ഭാര്യ എന്നതുമായി കൂട്ടികുഴച്ചുവെന്നും അവർ കൂട്ടിച്ചേർക്കുന്നു. ‘ബീയിങ് എ വുമൺ ഇൻ ദ് പാർട്ടി’ എന്ന അധ്യായത്തിലാണ് പരാമർശം. റീത എന്നത് അടിയന്തരാവസ്ഥക്കാലത്ത് വൃന്ദയ്ക്ക് പാർട്ടി നൽകിയ വിളിപ്പേരായിരുന്നു.ലെഫ്റ്റ്വേർഡ് ബുക്സ് പുറത്തിറക്കുന്ന പുസ്തകത്തിൽ 1975 മുതൽ 85 വരെയുള്ള ജീവിതമാണ് വൃന്ദ ഓർത്തെടുക്കുന്നത്.
നേരത്തെ കൊൽക്കത്ത പാര്‍ട്ടി കോൺഗ്രസിൽ നിന്ന് ബൃന്ദ കാരാട്ട് ഇറങ്ങിപ്പോയത് വിവാദമായിരുന്നു. പാര്‍ട്ടി കമ്മിറ്റികളിൽ സ്ത്രീകളെ തഴയുന്നതിന് എതിരെയായിരുന്നു പ്രതിഷേധം. ഈ നടപടിയിൽ പാര്‍ട്ടി ബൃന്ദക്കെതിരെ നടപടിയെടുത്തിരുന്നു. എന്നാൽ ബൃന്ദയുടെ ആവശ്യം പിന്നീട് പാര്‍ട്ടിയിൽ പരിഗണിക്കപ്പെട്ടു. സ്ത്രീകളെ പാര്‍ട്ടിയുടെ ഉന്നത സ്ഥാനങ്ങളിലേക്ക് കൂടുതലായി പരിഗണിച്ചു.