അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിനായുള്ള പ്രധാനമന്ത്രിയുടെ ശബ്ദ സന്ദേശം പുറത്തിറക്കി. ഇന്ന് മുതൽ 11 ദിവസത്തെ വ്രതം അനുഷ്ടിക്കുമെന്ന് നരേന്ദ്ര മോദി. എല്ലാവരും ജനുവരി 22 നായി കാത്തിരിക്കുന്നു. രാജ്യത്തെ ജനങ്ങൾ തനിക്ക് ആശിർവാദം നൽകണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ചരിത്രപരവും മംഗളകരവുമായ ഈ അവസരത്തിൽ സാക്ഷിയാകാൻ കഴിഞ്ഞത് ഭാഗ്യമാണെന്ന് ഒരു ഓഡിയോ സന്ദേശത്തിൽ പ്രധാനമന്ത്രി മോദി പറഞ്ഞു.
പ്രതിഷ്ഠാ ചടങ്ങിലേക്ക് എല്ലാ ജനങ്ങളിൽ നിന്നുമുള്ള അനുഗ്രഹം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. “രാമക്ഷേത്രത്തിലെ പ്രതിഷ്ഠ ചടങ്ങിന് ഇനി 11 ദിവസങ്ങൾ മാത്രം. പ്രതിഷ്ഠാ വേളയിൽ ഇന്ത്യയിലെ ജനങ്ങളെ പ്രതിനിധീകരിക്കാനാണ് ദൈവം എന്നെ സൃഷ്ടിച്ചത്. ഇത് മനസ്സിൽ വെച്ചുകൊണ്ട് ഞാൻ ഇന്ന് മുതൽ 11 ദിവസത്തെ പ്രത്യേക ചടങ്ങ് ആരംഭിക്കുന്നു, ”അദ്ദേഹം പറഞ്ഞു.
“ഞാൻ വികാരാധീനനാണ്. ജീവിതത്തിൽ ആദ്യമായിട്ടാണ് ഞാൻ ഇത്തരം വികാരങ്ങൾ അനുഭവിക്കുന്നത്,” അദ്ദേഹം പറഞ്ഞു. “ജീവിതത്തിലെ ചില നിമിഷങ്ങൾ യാഥാർത്ഥ്യമായി മാറുന്നത് ദൈവിക അനുഗ്രഹം കൊണ്ടാണ്. ഇന്ന് നമുക്കെല്ലാവർക്കും ലോകമെമ്പാടുമുള്ള രാമഭക്തർക്കും ഇത് വളരെ പുണ്യമുള്ള അവസരമാണ്. എല്ലായിടത്തും ശ്രീരാമനോടുള്ള ഭക്തിയുടെ അത്ഭുതകരമായ അന്തരീക്ഷമുണ്ട്.” അദ്ദേഹം പറഞ്ഞു.
അതിനിടെ അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ തങ്ങളുടെ ഉന്നത നേതാക്കൾ പങ്കെടുക്കില്ലെന്ന പ്രഖ്യാപനത്തിന് പിന്നാലെ ബിജെപിയും കോൺഗ്രസും തമ്മിലുള്ള വാക്പോര് ശക്തമാകുന്നു. മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, അധീർ രഞ്ജൻ ചൗധരി എന്നിവർ അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചതിന് പിന്നാലെയാണ് കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്. കോൺഗ്രസിനെ രാമവിരുദ്ധർ എന്നാണ് ബിജെപി വിളിച്ചത്.