Cricket Sports

ടെസ്റ്റ് ചാമ്പ്യൻഷിപ്പിനെക്കാൾ പ്രാധാന്യം ടി-20 ലീഗിന്; ന്യൂസീലൻഡിനെതിരായ ദക്ഷിണാഫ്രിക്കൻ ടീമിൽ ക്യാപ്റ്റൻ ഉൾപ്പെടെ ഏഴ് പേർ പുതുമുഖങ്ങൾ

ന്യൂസീലൻഡിനെതിരായ ദക്ഷിണാഫ്രിക്കൻ ടീമിൽ ക്യാപ്റ്റൻ ഉൾപ്പെടെ ഏഴ് പേർ പുതുമുഖങ്ങൾ. ജനുവരിയിൽ ന്യൂസീലൻഡിനെതിരെ നടക്കുന്ന രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്. ദക്ഷിണാഫ്രിക്കൻ ടി-20 ലീഗിൻ്റെ അവസാന സമയങ്ങളിലാണ് പര്യടനം ആരംഭിക്കുക. അതുകൊണ്ട് ടെസ്റ്റ് ടീമിൽ നിന്ന് മുൻനിര താരങ്ങൾക്കെളെല്ലാം വിശ്രമം അനുവദിക്കുകയായിരുന്നു.

കന്നി ടെസ്റ്റിൽ ക്യാപ്റ്റനാവാനുള്ള ഭാഗ്യം 27കാരനായ നീൽ ബ്രാൻഡിനാണ് ലഭിച്ചത്. ഓൾറൗണ്ടറായ ബ്രാൻഡ് അടുത്തിടെ വെസ്റ്റ് ഇൻഡീസ് എയ്ക്കെതിരെ ദക്ഷിണാഫ്രിക്ക എ ടീമിനെ നയിച്ചിരുന്നു. നിലവിൽ ഇന്ത്യക്കെതിരെ നടക്കുന്ന പരമ്പരയ്ക്കുള്ള ടീമിൽ ഉൾപ്പെട്ടിട്ടുള്ള വെറും മൂന്ന് താരങ്ങളേ ഈ ടീമിൽ ഇടം പിടിച്ചിട്ടുള്ളൂ.

ദക്ഷിണാഫ്രിക്കൻ ടീം: Neil Brand, David Bedingham, Ruan de Swardt, Clyde Fortuin, Zubayr Hamza, Tshepo Moreki, Mihlali Mpongwana, Duanne Olivier, Dane Paterson, Keegan Petersen, Dane Piedt, Raynard van Tonder, Shaun von Berg, Khaya Zondo

ഫെബ്രുവരി നാലിനാണ് ദക്ഷിണാഫ്രിക്കയുടെ ന്യൂസീലൻഡ് പര്യടനം ആരംഭിക്കുക. 17ന് പര്യടനം അവസാനിക്കും. ജനുവരി 10ന് ആരംഭിക്കുന്ന ദക്ഷിണാഫ്രിക്ക ടി-20 ലീഗ് ഫെബ്രുവരി 10ന് അവസാനിക്കും. ഐപിഎൽ ഫ്രാഞ്ചൈസി ഉടമകൾ തന്നെയാണ് ദക്ഷിണാഫ്രിക്ക ടി-20 ലീഗ് ടീമുകളുടെയും ഉടമകൾ. സൺറൈസേഴ്സ് മാനേജ്മെൻ്റിനു കീഴിലുള്ള സൺറൈസേഴ്സ് ഈസ്റ്റേൺ കേപ്പ് ആണ് നിലവിലെ ചാമ്പ്യന്മാർ. ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ ജോഹന്നാസ്ബർഗ് സൂപ്പർ കിംഗ്സ്, രാജസ്ഥാൻ റോയൽസിൻ്റെ പാൾ റോയൽസ്, മുംബൈ ഇന്ത്യൻസിൻ്റെ എംഐ കേപ്പ്ടൗൺ, ഡൽഹി ക്യാപിറ്റൽസിൻ്റെ പ്രിട്ടോറിയ ക്യാപിറ്റൽസ്, ലക്നൗ സൂപ്പർ ജയൻ്റ്സിൻ്റെ ഡർബൻ സൂപ്പർ ജയൻ്റ്സ് എന്നിങ്ങനെയാണ് മറ്റ് ടീമുകൾ.