Health

കുട്ടികളിലെ ലുകീമിയ തടയാനാകുമോ?

“എന്തുകൊണ്ടാണ് കുട്ടികൾക്ക് ലുകീമിയ ഉണ്ടാവുന്നത്?” 30 വർഷമായി ഈ ചോദ്യം തന്നോടു തന്നെ നിരന്തരം ചോദിച്ചുകൊണ്ടിരിക്കുന്ന ഒരു വ്യക്തിയാണ് ലണ്ടനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാൻസർ റിസർച്ചിൽ പ്രവർത്തിക്കുന്ന പ്രൊഫസർ മെൽ ഗ്രീവ്സ്. മൂന്നു ദശാബ്ദങ്ങളുടെ അന്വേഷണത്തിനും പരീക്ഷണങ്ങൾക്കും ശേഷം അദ്ദേഹം ലളിതമായ ഒരു ഉത്തരത്തിലെത്തിയിരിക്കുന്നു- അണുബാധ.

അണുബാധ കാൻസറിലേക്ക് നയിക്കുന്നു എന്നല്ല, അണുബാധയില്ലായ്മയാണ് സത്യത്തിൽ വില്ലൻ എന്നാണ് അദ്ദേഹത്തിന്റെ കണ്ടുപിടുത്തം. പ്രൊഫസർ ഗ്രീവ്സിന്റെ നിരീക്ഷണത്തിൽ കുട്ടികളിൽ ലുകീമിയ ഉണ്ടാക്കപ്പെടുന്നത് രണ്ട് ഘട്ടങ്ങളിലായാണ്. ആദ്യത്തേത് ജനിതകമാണ്. കുഞ്ഞ് ഭ്രൂണാവസ്ഥയിലുള്ളപ്പോൾ സംഭവിക്കുന്ന എന്തോ ഒരു അപകടം അവരിൽ ലുകീമിയ ബാധിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. 20 കുട്ടികളിൽ ഒരാളെ ബാധിക്കുന്ന ഈ കാരണങ്ങളെ നിയന്ത്രിക്കുക ബുദ്ധിമുട്ടാണ്. എന്നാൽ രണ്ടാമത്തെ ഘട്ടം തികച്ചും മനുഷ്യനിർമ്മിതമാണ്.

“മനുഷ്യന്റെ രോഗപ്രതിരോധ ശേഷി ശരിയായി വികസിക്കണമെങ്കിൽ ആദ്യ ഒരു വയസ്സിനുള്ളിൽ ശരീരത്തിൽ ഒരു അണുബാധ ഉണ്ടായിട്ടുണ്ടാകണം. അതില്ലാതെ ശരീരം ശരിയായി വികസിക്കാത്ത അവസ്ഥ വരുന്നു. നമ്മുടെ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കാതിരിക്കുകയും ചെയ്യുന്നു,” ഗ്രീവ്സ് പറയുന്നു.

സാമ്പത്തിക പുരോഗതിക്കനുസരിച്ച് മനുഷ്യരുടെ ജീവിതരീതിയിൽ വരുന്ന എന്തോ ഒരു മാറ്റമാണ് രോഗത്തിനു പിന്നിൽ പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം അതോടെ സംശയിക്കാൻ തുടങ്ങി

കുട്ടികളെ മണ്ണിനോടും അണുക്കളോടും അടുപ്പിക്കാതെ “അമിതവൃത്തിയിൽ” വളർത്തുന്ന രീതിയുടെ അപകടങ്ങളെക്കുറിച്ച് കൂടിയാണ് ഗ്രീവ്സ് മുന്നറിയിപ്പ് നൽകുന്നത്. ബ്രിട്ടനിലെ വീടുകളിലെ സാഹചര്യങ്ങളെയും ലുകീമിയ ബാധിക്കുന്ന കുട്ടികളുടെ കണക്കുകളും പരിശോധിച്ചാണ് അദ്ദേഹം ഇങ്ങനെയൊരു നിരീക്ഷണത്തിലെത്തിയത്.

കഴിഞ്ഞ കുറച്ച് ദശാബദ്ങ്ങളായി യു.കെയിലും യൂറോപ്പിലും ലുകീമിയ ബാധിതരായ കുട്ടികളുടെ എണ്ണം വർദ്ധിച്ചുവരികയാണെന്നത് ശാസ്ത്രജ്ഞന്മാരുടെ ശ്രദ്ധയിൽ പെട്ട കാര്യമാണ്. വൈദ്യശാസത്രത്തിന്റെ പുരോഗതി കാരണം ഇതിൽ 90 ശതമാനവും ചികിത്സിച്ച് ഭേദമാക്കപ്പെടുന്നുണ്ടെങ്കിലും ചികിത്സയുടെ രീതി പല തരത്തിലുള്ള മാരകമായ പാർശ്വഫലങ്ങളുമുണ്ടാക്കുന്നുണ്ട് എന്നത് ആശങ്കാജനകമാണ്.

എന്നാൽ എണ്ണത്തിലെ ഈ വർദ്ധനവ് വികസിത രാജ്യങ്ങളിൽ മാത്രമാണുള്ളതെന്നും വികസ്വര രാജ്യങ്ങളിലെ കാര്യം വ്യത്യസ്തമാണെന്നും ഗ്രീവ്സ് നിരീക്ഷിച്ചു. സാമ്പത്തിക പുരോഗതിക്കനുസരിച്ച് മനുഷ്യരുടെ ജീവിതരീതിയിൽ വരുന്ന എന്തോ ഒരു മാറ്റമാണ് രോഗത്തിനു പിന്നിൽ പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം അതോടെ സംശയിക്കാൻ തുടങ്ങി.

അദ്ദേഹം കണ്ടെത്തിയ മൂലകാരണം അമിതവൃത്തിയായിരുന്നു. അഴുക്കിനെ മുഴുവനായും പുറന്തള്ളിയ വീടുകളിലാണ് വികസിത രാജ്യങ്ങളിലെ മിക്ക കുഞ്ഞുങ്ങളും വളരുന്നത്. അണുബാധ വരാനുള്ള എല്ലാ മാർഗങ്ങളും അടച്ചു കുഞ്ഞുങ്ങളെ- പ്രത്യേകിച്ച് ചെറിയ കുഞ്ഞുങ്ങളെ- വളർത്തുന്നതിലാണ് അവരുടെ സുരക്ഷ എന്ന് നല്ലൊരു ശതമാനം രക്ഷിതാക്കളും വിശ്വസിക്കുന്നു. ചില വേളകളിൽ ഇത് നല്ലതാണെങ്കിലും ഗൌരവകരമായ പാർശ്വഫലങ്ങളും ഇതിലുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

വികസിത രാജ്യങ്ങളിൽ മുലയൂട്ടുന്നത് കുറയുന്നതും മറ്റു കുട്ടികളുമായി ഇടപഴകാനുള്ള സാഹചര്യങ്ങൾ കുറയുന്നതും ഇക്കാര്യത്തിൽ അവർക്ക് ദോഷം ചെയ്യുന്നുണ്ട്. അണുക്കളുമായി സമ്പർക്കത്തിൽ വരാനുള്ള സാധ്യത ഇതോടെ കുറയുന്നു.

“ഇങ്ങനെ രോഗപ്രതിരോധ ശേഷി ശരിയായി വികസിച്ചിട്ടില്ലാത്ത കുട്ടിക്ക് പിന്നീട് സാധാരണ അണുബാധ ഏൽക്കുമ്പോൾ പോലും ശരീരം അസാധാരണമാം വിധം പ്രതികരിക്കുന്നു. മാരകമായ പഴുപ്പിലേക്കാണ് ഇത് പലപ്പോഴും നയിക്കുന്നത്,” ഗ്രീവ്സ് പറയുന്നു.

ലുകീമിയ മാത്രമല്ല, ടൈപ് 1 പ്രമേഹം, അലർജികൾ തുടങ്ങി വികസിത രാജ്യങ്ങളിൽ കൂടുതലായി കണ്ടു വരുന്ന ചില രോഗങ്ങൾക്ക് പിന്നിലെ കാരണവും കുഞ്ഞുങ്ങൾ അഴുക്കിനോട് അടുക്കാത്തതാണെന്ന് അദ്ദേഹം പറയുന്നു

ഈ പഴുപ്പ് സൈറ്റോകൈൻ എന്ന രാസം ശരീരത്തിൽ ഉൽപാദിപ്പിക്കപ്പെടാൻ കാരണമാവുകയും ജനിതക കാരണങ്ങളാൽ ലുകീമിയ വരാനുള്ള സാധ്യതയുള്ള കുട്ടികളിൽ ഇത് രോഗം സൃഷ്ടിക്കുകയും ചെയ്യുന്നു. ഇവിടെ രണ്ട് കാരണങ്ങൾ- ജനിതകവും അല്ലാത്തതും- ഒത്തുവരുമ്പോഴാണ് ലുകീമിയ ഉണ്ടാകുന്നത്.

ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി ശരിയായി വികസിപ്പിക്കുന്ന ബാക്ടീറിയകളും വൈറസുകളുമടക്കമുള്ള കീടാണുക്കളുടെ സൂക്ഷ്മ പഠനം നടത്തിക്കൊണ്ടിരിക്കുന്ന ഗ്രീവ്സ് ഇവ ശരീരത്തിലേക്ക് കടത്താനുള്ള വഴികൾ കൂടി അന്വേഷിക്കുകയാണ്. മരുന്നിന് പകരം പ്രത്യേകം തയ്യാറാക്കിയ തൈര് പോലെയുള്ള ഭക്ഷണപദാർത്ഥങ്ങൾ ഉപയോഗിച്ച് അണുക്കളെ ശരീരത്തിലേക്ക് വിടുന്നതാണ് ഉത്തമം എന്ന അഭിപ്രായക്കാരനാണ് അദ്ദേഹം. ലുകീമിയ മാത്രമല്ല, ടൈപ് 1 പ്രമേഹം, അലർജികൾ തുടങ്ങി വികസിത രാജ്യങ്ങളിൽ കൂടുതലായി കണ്ടു വരുന്ന ചില രോഗങ്ങൾക്ക് പിന്നിലെ കാരണവും കുഞ്ഞുങ്ങൾ അഴുക്കിനോട് അടുക്കാത്തതാണെന്ന് അദ്ദേഹം പറയുന്നു.

അടുത്ത വർഷം ബ്രിട്ടനിലെ രാജ്ഞി ‘സർ’ പദവി നൽകി ആദരിക്കാൻ തയ്യാറെടുക്കുന്ന ആളുകളുടെ കൂട്ടത്തിൽ ഒരാളാണ് മെൽ ഗ്രീവ്സ്. കാൻസറിനെ തോൽപ്പിക്കുക ഇത്ര എളുപ്പമാണോ എന്ന് കേൾക്കുന്നവർക്ക് തോന്നാമെങ്കിലും 30 വർഷത്തെ തന്റെ ഗവേഷണങ്ങളുടെ പിൻബലത്തോടെ ഗ്രീവ്സ് നടത്തുന്ന അവകാശവാദങ്ങളെ ശാസ്ത്രലോകവും ആകാംശയോടെയാണ് ഉറ്റുനോക്കുന്നത്.