രാമക്ഷേത്ര ഉദ്ഘാടനത്തിന് മുന്നോടിയായി അയോധ്യയില്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ. പുതിയ വിമാനത്താവളവും റെയില്‍വേ സ്റ്റേഷനും ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് അയോധ്യയില്‍ സുരക്ഷ ശക്തമാക്കി. കനത്ത മൂടല്‍മഞ്ഞിനെ അതിജീവിച്ചാണ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയത്.
രാവിലെ പത്തേമുക്കാലിന് അയോധ്യയില്‍ എത്തുന്ന പ്രധാനമന്ത്രി 11.15ന് പുതുക്കിയ റെയില്‍വേ സ്റ്റേഷനും 12.15ന് പുതിയ വിമാനത്താവളവും ഉദ്ഘാടനം ചെയ്യും.നഗരത്തില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയാണ് വിമാനത്താവളം. 2 പുതിയ അമൃത് ഭാരത് ട്രെയിനുകളും 6 പുതിയ വന്ദേ ഭാരത് ട്രെയിനുകളും നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും. നവീകരിച്ച 4 റോഡുകളും ഉദ്ഘാടനം ചെയ്യും. ജനുവരി 22നാണ് അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ്.
അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകളുടെ രൂപരേഖ ഇതിനോടകം തയാറായിട്ടുണ്ട്. രാംലല്ലയ്ക്ക് മുന്നിലെ തിരശീല നീക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്രം വിശ്വാസികള്‍ക്ക് തുറന്ന് കൊടുക്കും. ഉച്ചയ്ക്ക് 12.29ന് ശേഷമുള്ള 84 സെക്കന്‍ഡുകള്‍ക്കിടയില്‍ പ്രാണപ്രതിഷ്ഠ നടക്കും. ആദ്യ ആരതി നടത്തുക പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ്.
അതേസമയം കോണ്‍ഗ്രസും സിപിഐഎമ്മും ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ തങ്ങളുടെ അംഗങ്ങളെ ഔദ്യോഗികമായി ഈ ചടങ്ങിലേക്ക് അയയ്ക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. താത്പര്യമുള്ള വ്യക്തികള്‍ക്ക് ചടങ്ങില്‍ പങ്കെടുക്കാമെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. സോണിയാ ഗാന്ധിയും ചടങ്ങില്‍ പങ്കെടുക്കും.