അയോദ്ധ്യ വിഷയത്തിൽ കോൺഗ്രസിന് രണ്ട് മനസെന്ന് ബിജെപി നേതാവ് അനിൽ ആന്റണി. കേന്ദ്ര നേതൃത്വം പരിപാടിയിൽ പങ്കെടുക്കുന്നതിനെ കുറിച്ച് ആലോചിക്കുമ്പോൾ കേരളത്തിലെ നേതാക്കൾ പരിപാടിയിൽ നിന്ന് വിട്ടു നിൽക്കുകയാണ്. ശബരിമലയിൽ തീർത്ഥാടകരെ കന്നുകാലികളെ പോലെ കണ്ട സംസ്ഥാന സർക്കാരും അയോദ്ധ്യയെ ബഹിഷ്കരിക്കുകയാണ്. പ്രതിപക്ഷ പാർട്ടികൾ സ്വീകരിക്കുന്നത് ജനവിരുദ്ധ നയമാണെന്നും അനിൽ ആന്റണി കുറ്റപ്പെടുത്തി. മുൻ തെരഞ്ഞെടുപ്പുകളെക്കാൾ വലിയ വിജയം എൻഡിഎ ഇത്തവണ നേടുമെന്നാണ് പ്രതീക്ഷ. തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കണോ എന്നത് കേന്ദ്ര നേതൃത്വം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അയോധ്യ രാമക്ഷേത്രം സമർപ്പണ ചടങ്ങുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് കൃത്യമായ നിലപാട് വ്യക്തമാക്കാതെയാണ് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പ്രതികരിച്ചത്. രാമക്ഷേത്രം പറഞ്ഞ് കോൺഗ്രസിനെ വെട്ടിലാക്കാനാണ് ശ്രമം. നിലപാട് ഇന്ന് പറയണം, നാളെ പറയണം എന്ന് പറഞ്ഞാൽ നടക്കില്ലെന്നും സോണിയാ ഗാന്ധി ഉൾപ്പെടെയുള്ളവർക്ക് ലഭിച്ചത് വ്യക്തിപരമായ ക്ഷണമാണെന്നും അദ്ദേഹം പറഞ്ഞു.
അയോധ്യ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ പാടില്ലെന്ന ഇടത് വലത് കക്ഷികളുടെ തീരുമാനം ഭൂരിപക്ഷ സമുദായത്തോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ആരോപിച്ചു. സുപ്രീംകോടതി നിർദേശപ്രകാരമാണ് തർക്കസ്ഥലത്ത് ക്ഷേത്രം നിർമ്മിച്ചത്. മുസ്ലിം സമൂഹം സൗഹാർദ്ദപരമായ നിലപാടാണ് സ്വീകരിച്ചതെന്നും ശ്രീരാമൻ ജനാധിപത്യത്തിന്റെ പ്രതീകവും മര്യാദാ പുരുഷോത്തമനുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിഷ്ഠാ ചടങ്ങിൽ നിന്ന് വിട്ടുനിൽക്കാനുള്ള രാഷ്ട്രീയ പാർട്ടികളുടെ തീരുമാനം എന്ത് അടിസ്ഥാനത്തിലാണ്.
കോൺഗ്രസിന്റെ ദേശീയ നേതൃത്വത്തെ കേരളത്തിലെ നേതാക്കൾ ഭീഷണിപ്പെടുത്തുകയാണ്. അതിനെ തിരുത്തൽ നടപടി എന്നാണ് വിശേഷിപ്പിക്കുന്നത്. പ്രമുഖർ ആയിട്ടുള്ള കോൺഗ്രസ് നേതാക്കൾ ഒരു വിഭാഗത്തിന്റെ വിശ്വാസത്തെ അധിക്ഷേപിക്കുകയാണ്. ആരെ ഭയപ്പെട്ടാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ മൗനം പാലിക്കുന്നതെന്ന് വ്യക്തമാണെന്നും കോൺഗ്രസിന്റേത് കപട മതേതര നിലപാടാണെന്നും സുരേന്ദ്രൻ ആരോപിച്ചു.
സിപിഐഎം കെട്ടിപ്പടുത്തത് ഇവിടുത്തെ ഭൂരിപക്ഷ ജനതയാണ്. സംഘടിത മത ശക്തികളുടെ വോട്ട് ബാങ്കിനു വേണ്ടി തുടർച്ചയായി സിപിഐഎം ഭൂരിപക്ഷ സമുദായത്തെ അപമാനിക്കുകയാണ്. പ്രതിഷ്ഠാ ചടങ്ങിന് കേരളവും ഐക്യദാർഡ്യം പ്രഖ്യാപിക്കും. മത വർഗീയ കക്ഷികളുടെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് കേരളത്തിൽ വലിയ തിരിച്ചടി കിട്ടാൻ പോവുകയാണെന്നും അദ്ദേഹം പറഞ്ഞു.
രാമക്ഷേത്ര വിഷയത്തിൽ കോൺഗ്രസ് നിലപാടിനെ പറ്റി അഭിപ്രായം പറയാനില്ലെന്നും അവർ സ്വതന്ത്രമായി തീരുമാനം എടുക്കട്ടെയെന്നും പ്രതികരിച്ച് മുസ്ലിംലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി രംഗത്തെത്തി. വിശ്വാസത്തിനോ ആരാധന സ്വാതന്ത്ര്യത്തിനോ ലീഗ് എതിരല്ല. കോടതി വിധി പറഞ്ഞപ്പോൾ പാർട്ടി നിലപാട് പറഞ്ഞതാണ്. അയോധ്യയിൽ ബിജെപി രാഷ്ട്രീയമായി മുതലെടുപ്പ് നടത്തുന്നത് രാഷ്ട്രീയ പാർട്ടികൾ തിരിച്ചറിയണം.
ഈ പരിപാടിയെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ ഉദ്ഘാടനം ആക്കി മാറ്റുകയാണ് കേന്ദ്ര സർക്കാർ. പാർലമെന്റ് ഇലക്ഷൻ ലക്ഷ്യം വെച്ചുള്ള തിരഞ്ഞെടുപ്പ് പ്രചാരണമാണിത്. ഇത് ആരാധനയല്ല, രാഷ്ട്രീയമാണ്. രാഷ്ട്രീയ പാർട്ടികൾ അത് തിരിച്ചറിയണം. അത് അനുസരിച്ച് നിലപാട് എടുക്കണം. തീരുമാനം എടുക്കാനുള്ള ആളുകൾ കോൺഗ്രസിലുണ്ട്. രാഷ്ട്രീയ മുതലടപ്പിനുള്ള ശ്രമം എല്ലാവരും തിരിച്ചറിയണമെന്നും അദ്ദേഹം വ്യക്തമാക്കി.
രാമക്ഷേത്ര ഉദ്ഘാടനത്തിൽ തന്ത്രപരമായ സമീപനമാണ് കോൺഗ്രസ് കൈക്കൊണ്ടിരിക്കുന്നത്. രാഷ്ട്രീയപാർട്ടി എന്ന നിലയിൽ കോൺഗ്രസ് പങ്കെടുക്കില്ല. മുതിർന്ന നേതാക്കളും ഉദ്ഘാടനത്തിന് എത്തില്ല. എന്നാൽ, അയോധ്യ സന്ദർശിക്കാനോ പ്രാർത്ഥന നടത്താനോ നേതാക്കൾക്കോ പ്രവർത്തകർക്കോ വിലക്കുണ്ടാകില്ല എന്നതാണ് കോൺഗ്രസ് നിലപാട്.
ഹിന്ദി ഹൃദയഭൂമിയിൽ കോൺഗ്രസ് വിമത നീക്കം ഭയക്കുകയാണ്. ഈ പശ്ചാത്തലത്തിൽ രാമക്ഷേത്ര ഉദ്ഘാടനത്തിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട പരസ്യപ്രഖ്യാപനങ്ങൾക്ക് കോൺഗ്രസ് വിലക്ക് ഏർപ്പെടുത്തി. അഭിപ്രായ ഭിന്നത പാർട്ടിയെ പ്രതിസന്ധിയിലാക്കിയതിനെ തുടർന്നാണ് നേതൃത്വത്തിന്റെ നിർദേശം.
ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കോൺഗ്രസ് നേതാക്കൾ രാമക്ഷേത്ര ഉദ്ഘാടനത്തെ കാര്യമായി എതിർക്കുന്നില്ല. മറ്റ് സംസ്ഥാനങ്ങളുടെയോ ഇന്ത്യാ മുന്നണിയുടേയോ താത്പര്യത്തിന് വഴങ്ങി ഈ വിഷയത്തിൽ ഒരു നിലപാടെടുത്താൽ ഹിന്ദി ഹൃദയഭൂമിയിൽ നിന്ന് വൻ എതിർപ്പ് നേരിടേണ്ടി വരുമെന്നാണ് കോൺഗ്രസിന്റെ ആശങ്ക. അതേസമയം കോൺഗ്രസിനെ ഈ വിധത്തിൽ സമ്മർദത്തിലാക്കുകയാണ് കോൺഗ്രസ് നേതാക്കളെ ക്ഷണിച്ചതിലൂടെ കേന്ദ്രം ഉദ്ദേശിച്ചതെന്നും വിലയിരുത്തലുകളുണ്ടാകുന്നുണ്ട്.