പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ചു കനത്ത സുരക്ഷയിലാണ് ഗുരുവായൂർ. നാളെ രാവിലെ പത്തിനാണ് പ്രധാനമന്ത്രി ക്ഷേത്രത്തിൽ ദർശനം നടത്തുക. ഗുരുവായൂരിൽ അടിസ്‌ഥാന സൗകര്യ വികസന പദ്ധതികൾ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ,പ്രധാനമന്ത്രിക്ക് നിവേദനം നൽകും.
പഴുതുകളടച്ചുള്ള സുരക്ഷ, കൺവെട്ടത്തും കാണാമറയത്തും പൊലീസ്, ശ്രീകൃഷ്ണ കോളേജിൽ പ്രത്യേകം തയ്യാറാക്കിയ ഹെലിപാഡിൽ രാവിലെ 9.45 ന് പ്രധാനമന്ത്രി ഇറങ്ങും. നേരെ കാറിൽ ശ്രീവൽത്സം ഗസ്റ്റ് ഹൌസിലും തുടർന്ന് ക്ഷേത്രത്തിലേക്കും. താമര കൊണ്ട് തുലാഭാരം ഉൾപ്പെടെയുള്ള വഴിപാടുകൾ പ്രധാനമന്ത്രി നടത്തും. മോദിയുടെ സന്ദർശനത്തിൽ ഏറെ പ്രതീക്ഷയിലാണ് ദേവസ്വം. ക്ഷേത്ര ദർശനത്തിനു ശേഷം ശ്രീകൃഷ്ണ സ്കൂളിൽ ബി.ജെ.പി സംഘടിപ്പിക്കുന്ന അഭിനന്ദൻ സഭയിൽ പ്രധാന മന്ത്രി പങ്കെടുക്കും.