കേരള കോണ്‍ഗ്രസില്‍ സമവായ നീക്കം പാളുന്നു. ജോസ് കെ.മാണി വിഭാഗം പാര്‍ട്ടി പിളര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് പി.ജെ ജോസഫ് ആരോപിച്ചു. ചെയര്‍മാനായി അംഗീകരിച്ച ശേഷം സംസ്ഥാന കമ്മിറ്റി വിളിച്ചു ചേര്‍ക്കാമെന്നും ജോസഫ് വ്യക്തമാക്കി. സംസ്ഥാന സമിതി വിളിച്ചു ചേര്‍ക്കാന്‍ ജോസഫിനോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ജോസ് കെ.മാണി വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്കി.
ഇന്നലെ ജോസ് കെ.മാണി പക്ഷം പ്രത്യേക യോഗം ചേര്‍ന്ന് ജോസഫ് ഗ്രൂപ്പിനെ രൂക്ഷമായി വിമര്ശച്ചതിന് പിന്നാലെയാണ് രണ്ട് എം.പിമാരും രണ്ട് എം.എല്‍.എമാരും ഒപ്പിട്ട കത്ത് തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയത്. സംസ്ഥാനസമിതി വിളിക്കാന്‍ ജോസഫിനോട് നിര്‍ദേശിക്കണമെന്നാണ് റോഷി അഗസ്റ്റിന് നല്കിയ കത്തിലെ പ്രധാന ആവശ്യം. ജോസ് കെ.മാണി നല്കിയ കത്തില്‍ ക്ഷുഭിതനായിട്ടായിരുന്നു ജോസഫിന്റെ പ്രതികരണം. പാര്‍ലമെന്ററി പാര്‍ട്ടി വിളിച്ചു ചേര്‍ക്കുന്നതിനുള്ള സമയവും സന്ദര്‍ഭവും നിശ്ചയിച്ചിട്ടില്ല.
അതിനുള്ള സാധ്യതകളും ഇല്ലാതാകുന്നുവെന്ന നിലയിലായിരുന്നു ജോസഫിന്റെ ഇന്നത്തെ പ്രതികരണം. ഇപ്പോഴത്തെ പാര്‍ട്ടിയുടെ സ്ഥിതി സംബന്ധിച്ച് സ്പീക്കറെ ധരിപ്പിക്കുമെന്നും ജോസഫ് പറഞ്ഞു. ആലപ്പുഴ,കൊല്ലം,പത്തനംതിട്ട തുടങ്ങിയ വിവിധ ജില്ല കമ്മിറ്റികളില്‍ സമവായത്തിലൂടെ ചെയര്‍മാനെ തെരഞ്ഞെടുക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് ലഭിച്ചിട്ടുണ്ടെന്നും ജോസഫ് വ്യക്തമാക്കി. സമവായം അകലെയായതിനാലും ചെയര്മാന് സ്ഥാനത്ത് പിടിവലി തുടരുന്നതിനാലും ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള യോജിപ്പ് കേരള കോണ്‍ഗ്രസ് പാര്‍ട്ടിയിലും വിദൂരമാണ്.