Cricket Sports

ഓസ്ട്രേലിയയെ എറിഞ്ഞിട്ട് ഇന്ത്യൻ വനിതകൾ; 219 ഓൾ ഔട്ട്, ഇന്ത്യ 98/1

ഇന്ത്യക്കെതിരായ ഏക ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സിൽ ഓസ്‌ട്രേലിയ 77.4 ഓവറിൽ 219 റൺസിന് ഓൾ ഔട്ട്. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ ഓൾറൗണ്ടർ പൂജ വസ്ത്രകർ ഇന്ത്യക്കായി മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. പൂജ നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ സ്‌നേഹ് റാണ മൂന്ന് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗിൽ ഇന്ത്യൻ ഇന്നിംഗ്സ് ആരംഭിച്ചു.

ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 98 റൺസ് നേടിയിട്ടുണ്ട്. ഷഫാലി വർമയുടെ 40(59) വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയൻ വനിതകൾക്ക് ഒന്നാം ഇന്നിംഗ്സിൽ 219 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് ക്രിക്കറ്റിൽ ഓസ്‌ട്രേലിയയുടെ ആദ്യ ഇന്നിംഗ്സിലെ ഏറ്റവും ചെറിയ സ്‌കോറാണിത്.

തഹ്‌ലിയ മഗ്രാത്ത്(56 പന്തിൽ 50 റൺസ്) മാത്രമാണ് അൽപ്പമെങ്കിലും പിടിച്ചുനിന്നത്. ഒരു ഘട്ടത്തിൽ വൻ തകർച്ചയിലേക്ക് നീങ്ങിയ ടീമിനെ ബെത്ത് മൂണിയും താലിയ മഗ്രാത്തും നടത്തിയ ചെറുത്ത് നിൽപ്പാണ് രക്ഷിച്ചത്. ഇരുവരും ചേർന്ന് 80 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ബെത്ത് മൂണി 40(94), അലിസ ഹീലി 38(75), കിം ഗാർത്ത് 28*(71) എന്നിവരും പൊരുതി നിന്നു. ഇന്ത്യക്കായി പൂജ നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഓഫ് സ്പിന്നർ സ്‌നേഹ് റാണ മൂന്ന് വിക്കറ്റും ദീപ്തി ശർമ്മ രണ്ട് വിക്കറ്റും വീഴ്ത്തി.