ജനപ്രീതിയുടെ സ്ഥാനങ്ങളില്‍ വലിയൊരു മാറ്റവുമായാണ് പുതിയ ലിസ്റ്റ് പുറത്തെത്തിയിരിക്കുന്നത്
സിനിമാതാരങ്ങളുടെ അതാത് സമയത്തെ ജനപ്രീതിയെ നിര്‍ണ്ണയിക്കുന്നത് അവര്‍ ചെയ്യുന്ന സിനിമകളാണ്. അവ നേരിടുന്ന ജയപരാജയങ്ങളാണ്. എന്നാല്‍ ദീര്‍ഘകാലമായി ഈ രംഗത്തുള്ള താരങ്ങളെ സംബന്ധിച്ച് തുടര്‍ പരാജയങ്ങളിലും അവരുടെ ജനപ്രീതി ഒരു പരിധി വിട്ട് താഴില്ല. ഇപ്പോഴിതാ മലയാളത്തിലെ ഏറ്റവും ജനപ്രിയരായ നായക നടന്മാരുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സ് മീഡിയ. നവംബര്‍ മാസത്തെ വിലയിരുത്തല്‍ അനുസരിച്ചുള്ള ലിസ്റ്റ് ആണ് അവര്‍ പുറത്തുവിട്ടിരിക്കുന്നത്.
ജനപ്രീതിയുടെ സ്ഥാനങ്ങളില്‍ വലിയൊരു മാറ്റവുമായാണ് ലിസ്റ്റ് പുറത്തെത്തിയിരിക്കുന്നത്. ഓര്‍മാക്സിന്റെ ഇത്രകാലവുമുള്ള മലയാളം പോപ്പുലര്‍ ലിസ്റ്റുകളില്‍ മോഹന്‍ലാല്‍ ആയിരുന്നു മുന്നിലെങ്കില്‍ ഇതാദ്യമായി മമ്മൂട്ടി ഒന്നാം സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ്. മോഹന്‍ലാല്‍ രണ്ടാം സ്ഥാനത്തുള്ള ലിസ്റ്റിലെ മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളില്‍ പ്രമുഖ യുവതാരങ്ങളാണ്. മൂന്നാമത് ടൊവിനോ തോമസും നാലാമത് ദുല്‍ഖര്‍ സല്‍മാനും അഞ്ചാമത് ഫഹദ് ഫാസിലും.
ആദ്യ രണ്ട് സ്ഥാനങ്ങളിലൊഴികെ ഒക്ടോബര്‍ മാസത്ത ലിസ്റ്റില്‍ നിന്ന് വ്യത്യാസമൊന്നും കൂടാതെയാണ് നവംബര്‍ മാസത്തെ ലിസ്റ്റ് എത്തിയിരിക്കുന്നത്. സമീപവര്‍ഷങ്ങളില്‍ സിനിമകളുടെ തെരഞ്ഞെടുപ്പില്‍ മലയാള സിനിമയില്‍ ഏറ്റവും ഞെട്ടിച്ച താരമാണ് മമ്മൂട്ടി. നന്‍പകല്‍ നേരത്ത് മയക്കം, റോഷാക്ക്, കാതല്‍ തുടങ്ങി പ്രേക്ഷകരുടെ പ്രതീക്ഷയ്ക്ക് പുറത്തെക്ക് സഞ്ചരിച്ചു അദ്ദേഹം. ഭ്രമയുഗവും ടര്‍ബോയും പോലെ മമ്മൂട്ടിയുടേതായി വരാനിരിക്കുന്ന ചിത്രങ്ങളും ഏറെ പ്രതീക്ഷ ഉയര്‍ത്തിയിട്ടുള്ളവയാണ്.
അതേസമയം മോഹന്‍ലാലിന്റെ അപ്കമിംഗ് ഫിലിമോഗ്രഫിയും പ്രതീക്ഷ നല്‍കുന്നതാണ്. ജീത്തു ജോസഫ് ചിത്രം നേര് ആണ് അദ്ദേഹത്തിന്റെ അടുത്ത റിലീസ്. ക്രിസ്മസിന് ചിത്രം തിയറ്ററുകളിലെത്തും. ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലൈക്കോട്ടൈ വാലിബന്, പൃഥ്വിരാജിന്റെ എമ്പുരാന് അടക്കമുള്ള ചിത്രങ്ങളും വരാനുണ്ട്.