നടൻ വിജയകാന്തിൻ്റെ പാർട്ടിയായ പുതിയ നേതൃത്വം. വിജയകാന്തിൻ്റെ ഭാര്യയും പാർട്ടി ട്രഷററും ആയിരുന്ന പ്രേമലത വിജയകാന്തിനെ ജനറൽ സെക്രട്ടറിയായി നിയമിച്ചു. വിജയകാന്ത് പ്രസിഡൻ്റ് സ്ഥാനത്ത് തുടരും. ഇന്ന് നടന്ന ജനറൽ കൗൺസിൽ, എക്സിക്യൂട്ടിവ് യോഗങ്ങൾക്ക് ശേഷമാണ് തീരുമാനം. വിജയകാന്തിൻ്റെ ആരോഗ്യ പ്രശ്നങ്ങൾ കാരണമാണ് നേതൃമാറ്റം.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് വിജയകാന്തിന് പാർട്ടി കാര്യങ്ങളിൽ കൃത്യമായി ഇടപെടാൻ സാധിച്ചിരുന്നില്ല. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ഗുരുതരാവസ്ഥയിലായ വിജയകാന്ത് കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്. അതിന് പിന്നാലെയാണ് പാർട്ടിയിലെ നേതൃമാറ്റം. പാർട്ടിയുടെ പ്രസിഡൻ്റ് സ്ഥാനത്ത് വിജയകാന്ത് തുടരും. ഇന്ന് ചെന്നൈയിൽ ചേർന്ന യോഗത്തിൽ വിജയകാന്തും പങ്കെടുത്തിരുന്നു.
2005 സെപ്റ്റംബർ 14ന് പാർട്ടി രൂപീകരിച്ചതു മുതൽ വിജയകാന്താണ് പാർട്ടി പ്രസിഡൻ്റും ജനറൽ സെക്രട്ടറിയും. എന്നാൽ അദ്ദേഹത്തിന്റെ ആരോഗ്യപ്രശ്നങ്ങളാണ് ഡിഎംഡികെയുടെ നേതൃമാറ്റത്തിന് കാരണമായത്. ലോകസഭ തെരഞ്ഞെടുപ്പിൽ ഉൾപ്പെടെ എടുക്കേണ്ട നിലപാടുകൾ സംബന്ധിച്ചും സഖ്യസാധ്യതകളെ കുറിച്ചുമെല്ലാം വരും ദിവസങ്ങളിൽ പാർട്ടി തീരുമാനിയ്ക്കും.