കോപ്പ അമേരിക്ക ടൂര്‍ണമെന്റിന് ഇനി ദിവസങ്ങള്‍ മാത്രം അവശേഷിക്കെ കാനറികള്‍ക്ക് തിരിച്ചടിയായി സൂപ്പര്‍താരം നെയ്മറിന് പരിക്ക്. ഖത്തറിനെതിരായ സൌഹൃദമത്സരത്തില്‍ കണങ്കാലിനേറ്റ ഗുരുതര പരിക്കാണ് നെയ്മറിനും ബ്രസീലിനും വില്ലനായിരിക്കുന്നത്. പരിക്കിനെ തുടര്‍ന്ന് നെയ്മറിന് കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ കളത്തിലിറങ്ങാന്‍ കഴിയില്ലെന്നാണ് സൂചന.
ഖത്തറിനെതിരായ മത്സരത്തില്‍ പരിക്കേറ്റ നെയ്മര്‍ 17 ാം മിനിറ്റില്‍ തന്നെ കളംവിട്ടിരുന്നു. കളിക്കിടെ നെയ്മറിനെ പ്രതിരോധിക്കാന്‍ എതിര്‍താരം നടത്തിയ ശ്രമമാണ് ബ്രസീല്‍ താരത്തെ പുറത്തെത്തിച്ചത്. ഖത്തറിനെതിരെ മറുപടിയില്ലാത്ത ഒരു ഗോളിന് ബ്രസീല്‍ മുന്നിട്ടുനില്‍ക്കുമ്പോഴായിരുന്നു നെയ്മറിന് പരിക്കേറ്റത്.
മൈതാനത്ത് വേദന കൊണ്ട് പിടഞ്ഞുവീണ നെയ്മര്‍, കണ്ണീരോടെയാണ് കളംവിട്ടത്. ഇത്തവണത്തെ കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ കളിക്കാന്‍ നെയ്മറിന് കഴിഞ്ഞേക്കില്ലെന്നും ടൂര്‍ണമെന്റിന് മുമ്പ് താരത്തിന് ആരോഗ്യം വീണ്ടെടുക്കാനുള്ള സമയമില്ലെന്നുമാണ് ബ്രസീല്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ നല്കുന്ന സൂചന.
നെയ്മറിന് പകരക്കാരെ പരിഗണിക്കുന്നുണ്ടെന്നും ഇതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍.