ഋഷഭ് പന്ത് വീണ്ടും ക്രിക്കറ്റ് കളത്തിലേക്ക്. ഒരു വർഷത്തോളമായി കളിക്കളത്തിൽ നിന്ന് വിട്ടുനിന്ന ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ വരാനിരിക്കുന്ന സീസണിൽ കളിക്കുമെന്ന് ഉറപ്പായി. ഡൽഹി ക്യാപിറ്റൽസിന്റെ നായകസ്ഥാനം ഏറ്റെടുത്താണ് പന്തിന്റെ തിരിച്ചുവരവ്. ഡിസി മാനേജ്‌മെന്റ് ഇക്കാര്യം സ്ഥിരീകരിച്ചു.
നിലവിൽ ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ (എൻസിഎ) കഴിയുന്ന പന്ത് ഫെബ്രുവരി അവസാനത്തോടെ ഫിറ്റ്നസ് വീണ്ടെടുക്കുമെന്ന പ്രതീക്ഷയിലാണ് ഡിസി മാനേജ്മെന്റ്. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) അനുമതി ലഭിച്ച ശേഷം മാത്രമേ പന്തിന് വിക്കറ്റ് കീപ്പിംഗ് ചുമതല നൽകൂ എന്ന് ഫ്രാഞ്ചൈസി അധികൃതർ സൂചിപ്പിച്ചു.
ഇല്ലെങ്കിൽ ബാറ്ററായും ഫീൽഡറായും മാത്രമേ ഗ്രൗണ്ടിലുണ്ടാകൂ. ഇതോടെ 26 കാരനായ താരം ഒരു ഇംപാക്ട് പ്ലെയറായി മാത്രം കളിച്ചേക്കില്ലെന്ന് ഉറപ്പായി. വാഹനാപകടത്തെത്തുടർന്ന് ഋഷഭ് വളരെക്കാലമായി ടീമിൽ നിന്ന് വിട്ടുനിൽക്കുകയും പ്രധാന ടൂർണമെന്റുകൾ നഷ്‌ടപ്പെടുകയും ചെയ്തിരുന്നു. ഐപിഎല്ലിൽ ശാരീരികക്ഷമതയും ഫോമും വീണ്ടെടുത്താൽ ഇന്ത്യൻ ടീമിലേക്കും പന്ത് തിരികെ എത്തും.