India Kerala

കേരള കോണ്‍ഗ്രസിലെ തര്‍‌ക്കം പരിഹരിക്കാന്‍ കോണ്‍ഗ്രസ് ഇടപെടുന്നു

കേരള കോൺഗ്രസിലെ തർക്കങ്ങൾ പരിഹരിക്കാൻ സമവായ ചർച്ചകൾക്ക് കളമൊരുങ്ങുന്നു. ജോസഫ് വിഭാഗവും ചർച്ചക്ക് തയ്യാറാണെന്ന് അറിയിച്ചതോടെയാണ് സമവായത്തിന് കളമൊരുങ്ങുന്നത്. എന്നാൽ മുതിർന്ന നേതാക്കളെ കൂടി ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കണം എന്നാണ് മോൻസ് ജോസഫ് അടക്കമുള്ളവർ പറയുന്നത്. അതേസമയം പ്രശ്നം പരിഹരിക്കാൻ കോൺഗ്രസും രംഗത്തിറങ്ങി.

ഇരുവിഭാഗവും നിലപാട് കടുപ്പിച്ചതോടെ കേരള കോൺഗ്രസ് എമ്മിലെ തർക്കം തെരുവിലേക്ക് വരെ എത്തി. ഒരു വിട്ടുവീഴ്ചയ്ക്കും നേതാക്കൾ തയ്യാറാകുന്നില്ല എന്ന് കണ്ടതോടെയാണ് സഭയും കോൺഗ്രസും പ്രശ്നത്തിൽ ഇടപെട്ടത്. ഇതോടെയാണ് ഒത്തുതീർപ്പ് ശ്രമങ്ങൾക്ക് കളമൊരുങ്ങിയത്. സമവായ ചർച്ചകൾക്ക് തയ്യാറാണെന്ന് ജോസ് കെ മാണി അറിയിച്ചിരുന്നു. ഇതോടെ മോൻസ് ജോസഫും അനുകൂല നിലപാട് സ്വീകരിച്ചു. ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കണമെന്നാണ് മോൻസ് ജോസഫ് പറയുന്നത്.

എന്നാൽ ചെയർമാൻ സ്ഥാനം വിട്ടുനൽകിക്കൊണ്ടുള്ള ഒരു ഒത്തുതീർപ്പിന് ഇരുവിഭാഗവും തയ്യാറാകില്ല എന്നാണ് സൂചന. ചെയർമാൻ സ്ഥാനത്തേക്ക് മുതിർന്ന നേതാക്കളെ കൂടി പരിഗണിക്കണമെന്നാണ് ജോസഫ് വിഭാഗത്തിന്റെ ആവശ്യം. പാർലമെൻററി പാർട്ടി യോഗം ചേരുന്നതിന് മുൻപ് നേതാക്കൾ ഒന്നിച്ചിരുന്ന് സമവായ ചർച്ച നടത്താനാണ് ശ്രമിക്കുന്നത്.