India Kerala

നിപ: മരുന്ന് ആസ്ത്രേലിയയില്‍ നിന്ന് കൊച്ചിയിലെത്തിച്ചു, യുവാവിന്‍റെ ആരോഗ്യനിലയില്‍ ആശങ്ക വേണ്ടെന്ന് മന്ത്രി

നിപ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി കെ.കെ ശൈലജ. രോഗ ലക്ഷണങ്ങളുമായി കളമശേരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അഞ്ച് പേരുടെയും സാംപിളുകള്‍ പരിശോധനക്കയച്ചു. ഓസ്ട്രേലിയയില്‍ നിന്നുള്ള മരുന്നുകളടക്കം ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും തയ്യാറാണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

എയിംസില്‍ നിന്നും കോഴിക്കോടു നിന്നുമുള്ള വിദഗ്ധ സംഘത്തിന്റെ പരിശോധനകളാണ് പുരോഗമിക്കുന്നത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗിയായ യുവാവിനെയും കളമശേരി മെഡിക്കല്‍ കോളജില്‍ തുടരുന്ന രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചവരെയും വിദഗ്ധ സംഘം പരിശോധിച്ചിട്ടുണ്ട്. പ്രത്യേക മെഡിക്കല്‍ സംഘത്തിന്റെ റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചാണ് യുവാവിന്റെ നിലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കിയത്.

രോഗിക്ക് നല്‍കികൊണ്ടിരിക്കുന്ന റിബാവ്ബെറിന്‍ മരുന്ന് തന്നെയാണ് നിലവില്‍ തുടരുന്നത്. എന്നാല്‍ ഓസ്ട്രേലിയയില്‍ നിന്നെത്തിച്ച ഹ്യൂമന്‍ മോണോ ക്ളോണല്‍ ആന്റിബോഡി നല്‍കുന്നത് അടക്കമുള്ള കാര്യങ്ങള്‍ മെഡിക്കല്‍ സംഘത്തിന്റെ അഭിപ്രായം മാനിച്ചായിരിക്കും നടപ്പിലാക്കുക. ഇതിനായി ഐ.സി.എം.ആറിന്റെ അനുമതിയും രോഗിയുടെ ബന്ധുക്കളുടെ സമ്മതവും വാങ്ങിയിട്ടുണ്ട്.

കളമശേരി മെഡിക്കല്‍ കോളജില്‍ തുടരുന്നവരുടെ കാര്യത്തിലും ആശങ്കപ്പെടേണ്ട കാര്യമില്ല. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച ഇവരുടെ സാംപിളുകള്‍ ഇന്ന് പരിശോധനക്കയച്ചിട്ടുണ്ടെന്നും പരിശോധനാഫലം വന്നതിന് ശേഷമാവും ഇവര്‍ക്കുള്ള തുടര്‍ ചികിത്സകളുടെ കാര്യത്തില്‍ തീരുമാനം എടുക്കുകയെന്നും മന്ത്രി വ്യക്തമാക്കി.