Uncategorized

വിഷ്ണു വിനോദിന്റെ സെഞ്ച്വറി, ശ്രേയസിന്റെ നാല് വിക്കറ്റ്; ഒഡീഷയെ 78 റൺസിന് തകർത്തെറിഞ്ഞ് കേരളം

വിജയ് ഹസാരെ ട്രോഫിയിൽ ഒഡീഷക്കെതിരെ കേരളത്തിന് 78 റൺസ് ജയം. ആളൂരിൽ നടന്ന മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കേരളം വിഷ്ണു വിനോദിന്റെ (120) സെഞ്ച്വറി കരുത്തിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 286 റൺസാണ് നേടിയിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒഡീഷ 43.3 ഓവറിൽ 208ന് ഓൾഔട്ടായി.(Vijay Hazare Trophy Kerala won over Odisha by 78 runs)

നാല് വിക്കറ്റ് നേടിയ ശ്രേയസ് ഗോപാലിന്റെ മികച്ച ബൗളിങ് പ്രകടനമാണ് കേരളത്തെ വിജയത്തിലേക്ക് നയിച്ചത്. ബേസിൽ തമ്പി, അഖിൽ സ്‌കറിയ എന്നിവർക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്. ഒഡീഷയ്ക്ക് വേണ്ടി 92 റൺസെടുത്ത ഷാന്തനു മിശ്ര മാത്രമാണ് തിളങ്ങിയത്. ക്യാപ്റ്റൻ ബിപ്ലബ് സാമന്തറായ് (34), അഭിഷേഖ് യാദവ് (21), പ്രയാഷ് കുമാർ സിംഗ് (20), സുബ്രാൻഷു സേനാപതി (16) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങൾ.

നേരത്തെ വിഷ്ണുവിന് പുറമെ അഖിൽ സ്‌കറിയ (34), അബ്ദുൾ ബാസിത് (48) എന്നിവരാണ് മികച്ച പ്രകടനം പുറത്തെടുത്ത മറ്റുതാരങ്ങൾ. ബാക്ക്ഫൂട്ടിലാണ് കേരളം ഇന്നിംഗ്സ് ആരംഭിച്ചത്. മുഹമ്മദ് അസ്ഹറുദ്ദീൻ (12), രോഹൻ കുന്നുമ്മൽ (17) എന്നിവർ വേഗം മടങ്ങിയപ്പോൾ നന്നായി തുടങ്ങിയ ക്യാപ്റ്റൻ സഞ്ജു സാംസണും (15) ക്രീസിൽ തുടരാനായില്ല. സച്ചിൻ ബേബി (2), ശ്രേയാസ് ഗോപാൽ (13) എന്നിവർ കൂടി വേഗം പുറത്തായതോടെ കേരളം അപകടം മണത്തു. തുടരെ വിക്കറ്റ് വീഴുമ്പോഴും ആക്രമിച്ചുകളിച്ച വിഷ്ണു വിനോദ് ആണ് കേരളത്തെ കനത്ത തകർച്ചയിൽ നിന്ന് രക്ഷിച്ചത്.

ടൂർണമെന്റിൽ കേരളത്തിന്റെ രണ്ടാം ജയമാണിത്. നിലവിലെ ചാമ്പ്യന്മാരായ സൗരാഷ്ട്രയെ ആദ്യ കളിയിൽ തകർത്ത കേരളം രണ്ടാമത്തെ മത്സരത്തിൽ മുംബൈയോട് പരാജയപ്പെട്ടിരുന്നു. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ക്വാർട്ടറിലെത്താൻ കേരളത്തിനു കഴിഞ്ഞിരുന്നു.