അബുദബിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ അടിയന്തര സുരക്ഷാ പരിശോധന. യാസ് മാളും, യാസ് ഐലന്റും സുരക്ഷാകാരണങ്ങളാല്‍ മണിക്കൂറുകളോളം അടച്ചിട്ടു. ഫെറാറി വേള്‍ഡില്‍ നിന്നും സന്ദര്‍ശകരെ ഒഴിപ്പിച്ചു. സന്ദര്‍ശകരെ മുഴുവന്‍ ഒഴിപ്പിച്ച് പരിശോധന നടത്തിയ ശേഷം ഉച്ചക്ക് മാള്‍ പ്രവര്‍ത്തനം പുനരാരംഭിച്ചു.
പെരുന്നാള്‍ ദിവസം രാവിലെ 9നാണ് നല്ല തിരക്ക് അനുഭവപ്പെട്ടിരുന്ന യാസ്മാളും യാസ് ഐലന്റും സുരക്ഷാ ഉദ്യോഗസ്ഥര്‍ ഒഴിപ്പിച്ചത്. സന്ദര്‍ശകരോടും ജീവനക്കാരോടും പെട്ടെന്ന് മാളില്‍ നിന്നും വിനോദകേന്ദ്രത്തില്‍ നിന്നും പുറത്തുകടക്കാന്‍ ആവശ്യപ്പെട്ടു. കാര്യമെന്തെന്ന് അറിയാതെ പലരും പരിഭ്രാന്തരായി. ഇതേസമയം വിനോദസഞ്ചാര കേന്ദ്രമായ ഫെറാറി വേള്‍ഡില്‍ നിന്നും സന്ദര്‍ശകരെ ഒഴിപ്പിച്ചു. മുന്നറിയിപ്പില്ലാതെ സിവില്‍ ഡിഫന്‍സ് ഡ്രില്ല് നടത്താനുണ്ടെന്ന് പറഞ്ഞാണ് ഇവിടെ നിന്ന് സഞ്ചാരികളെ മാറ്റിയത്. സന്ദര്‍ശകര്‍ക്ക് മറ്റൊരു ദിവസത്തേക്ക് ടിക്കറ്റ് നല്‍കി. ചില സന്ദര്‍ശര്‍ക്ക് വാണര്‍ ബ്രോസ് തീം പാര്‍ക്കിലേക്ക് ടിക്കറ്റ് മാറ്റി നല്‍കി. യാസ് മറീന സര്‍ക്യൂട്ടും സുരക്ഷാ പരിശോധനക്കായി കുറച്ചു സമയം അടച്ചിട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. യാസ് മാളില്‍ അപായ സൈറണ്‍ മുഴങ്ങിയതാണ് ഷോപ്പിങ് കേന്ദ്രം അടച്ച് പരിശോധിക്കാന്‍ കാരണമെന്ന് അബൂദബി മീഡിയ അറിയിച്ചു. ഷോപ്പിങ് കേന്ദ്രം ഉച്ചക്ക് ഒരുമണിക്ക് ശേഷം തുറന്നതായും അധികൃതര്‍ പറഞ്ഞു.