കണ്ണൂര്‍ യൂണിവേഴ്സിറ്റി സ്റ്റുഡന്‍സ് യൂണിയന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്യാൻ തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് അനുശ്രീയാണ് ഇക്കാര്യം അറിയിച്ചത്. തന്റെ ഫേസ്ബുക്കിലൂടെയും വിവരം പങ്കുവച്ചിട്ടുണ്ട്. നവംബർ 27, 28, 29 തീയതികളിൽ നടക്കുന്ന സാഹിത്യോത്സവവത്തിൽ 29നാകും ഉദയനിധി സ്റ്റാലിൻ പങ്കെടുക്കുക.താവക്കര ക്യാമ്പസിൽ വെച്ച് 2023 നവംബര്‍ 27, 28, 29 തീയതികളില്‍ ആണ് സാഹിത്യോത്സവം നടക്കുക. കേരളത്തിലും പുറത്തുമുള്ള വിഖ്യാതരായ എഴുത്തുകാരും ചിന്തകരും ഗവേഷകരുമായ നൂറോളം പേര് പരിപാടിയുടെ ഭാഗമാകുമെന്ന് സംഘാടകര്‍ അറിയിച്ചു.
അനുശ്രീയുടെ കുറിപ്പ്:
കണ്ണൂർ യൂണിവേഴ്സിറ്റി സ്റ്റുഡൻസ് യൂണിയന്റെ ആഭിമുഖ്യത്തിൽ സർവകലാശാലയുടെ മുഖ്യകേന്ദ്രമായ താവക്കര കാമ്പസിൽ വെച്ച് 2023 നവംബർ 27, 28, 29 തീയതികളിൽ ഒരു സാഹിത്യോത്സവം സംഘടിപ്പിക്കുകയാണ്. സർവകലാശാലാ വിദ്യാർഥികളിലേക്ക് മാനവികതയുടെയും സമഭാവനയുടെയും ആശയങ്ങളിലെത്തിക്കുക എന്നതാണ് ഈ മേളയുടെ പ്രാഥമികലക്ഷ്യം. അതിനാൽ തന്നെ “Where Diversity Meets” എന്നതാണ് മേളയുടെ മുഖവാചകമായി സ്വീകരിച്ചിട്ടുള്ളത്.
കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന മുഖ്യധാരാ സാഹിത്യോത്സവങ്ങളിൽ നിന്നു ഭിന്നമായി അന്വേഷണകുതുകികൾക്ക് ആലോചനാമേഖലകൾ തുറന്നു കിട്ടുന്ന നിലയിലാണ് മേള സംവിധാനം ചെയ്തിരിക്കുന്നത്. ഉത്തരകേരളത്തിന്റെ സമ്പന്നമായ ബഹുസ്വരസംസ്കൃതിയെ അടയാളപ്പെടുത്തുക, മലയാള സാഹിത്യ/കലാവിഷ്കാരങ്ങളുടെ ചരിത്രവർത്തമാനങ്ങളിലൂടെ കടന്നുപോവുക, വർത്തമാനകാല രാഷ്ട്രീയ പരിതോവസ്ഥകളെ സൂക്ഷ്മമായി പരിശോധിക്കുക തുടങ്ങിയ താത്പര്യങ്ങളെ മുൻനിർത്തിയുള്ള നൂറോളം സെഷനുകൾ മേളയിലുണ്ടാവും. കേരളത്തിലും പുറത്തുമുള്ള വിഖ്യാതരായ എഴുത്തുകാരും ചിന്തകരും ഗവേഷകരുമായ നൂറോളം അതിഥികൾ മേളയിൽ സംസാരിക്കും. സാഹിത്യോത്സവം സച്ചിദാനന്ദൻ മാഷും സമാപന സമ്മേളനം ഉദയനിധി സ്റ്റാലിനും ഉദ്ഘാടനം ചെയ്യും.