ക്രിക്കറ്റ് കളിക്കാരെ പോലെ ഹെൽമെറ്റ് ധരിച്ച് ജോലി ചെയ്യുന്ന രണ്ടുപേരുണ്ട് ശബരിമല പതിനെട്ടാംപടിക്ക് താഴെ. എതിരെ വരുന്നത് പന്തിന് പകരം നാളികേരമാണ്.ശബരിമല സന്നിധാനത്ത് പതിനെട്ടാം പടിക്ക് താഴെ ഉടക്കുന്ന നാളികേരം കോരി മാറ്റാൻ നിൽക്കുന്നവരാണ് കൊല്ലം കല്ലുവാതുക്കൽ മാവിള പുത്തൻവീട്ടിൽ വി രഞ്ജുവും പാരിപ്പള്ളി ഹരി നിവാസിൽ ഹരിദാസും.
നാളികേരം കോരി മാറ്റുന്നതിനിടെ ഉടക്കുന്നവ തെറിച്ചുവന്ന് തലയും മുഖവും കേടാവേണ്ടെന്ന് കരുതിയാണ് ഹെൽമറ്റ് വച്ചിരിക്കുന്നത്. പതിനെട്ടാംപടിക്ക് താഴെ അയ്യപ്പന്മാർ എറിഞ്ഞുടക്കുന്ന നാളികേരങ്ങൾ കോരി മാറ്റുന്ന ജോലിക്കാരാണ്.
പതിനെട്ടാംപടി കയറുമ്പോഴും ഇറങ്ങുമ്പോഴും നാളികേരം ഉടക്കുകയാണ് ആചാരം. അയ്യപ്പന്മാർ തേങ്ങ എറിഞ്ഞുടക്കുന്ന തേങ്ങാ മുറികൾ കോരി കൂട്ടുന്ന ജോലി ചെയ്യുമ്പോൾ തലയ്ക്കും മുഖത്തും പരുക്കേൽക്കാതെ രക്ഷപ്പെടാനാണ് ഹെൽമറ്റ്. മണിക്കൂറുകളോളം വരിയിൽനിന്ന് അവസാനം പതിനെട്ടാംപടിക്ക് മുന്നിലെത്തി കയറാനുള്ള ആവേശത്തിൽ നാളികേരം പെട്ടെന്ന് എറിഞ്ഞ് പടി കയറുകയാണ് അയ്യപ്പന്മാർ ചെയ്യുന്നത്.ഇതിൽ ഉടയുന്നതും അല്ലാത്തതുമായവ ഉണ്ടാകും. എറിയുമ്പോൾ തേങ്ങ പലതും കൊള്ളുന്നത് ഇവരുടെ ശരീരത്തിലാണ്.കഴിഞ്ഞ വർഷം സാധാരണ ഹെൽമറ്റ് ധരിച്ചാണ് ജോലി നോക്കിയത്. അന്ന് മിക്കവർക്കും മുഖത്തും തലയിലും പരിക്കുപറ്റി. അതിനാലാണ് നാളികേരം കരാറുകാരൻ ഇത്തവണ ക്രിക്കറ്റ് കളത്തിലെ ഹെൽമറ്റ് നൽകിയിരിക്കുന്നത്.