ശബരിമലയിൽ യുവതി പ്രവേശനം സംബന്ധിച്ച ഭരണഘടനാ ബെഞ്ചിന്റെ വിധി സുപ്രീംകോടതിക്ക് സംഭവിച്ച തെറ്റാണെന്ന് കെ മുരളീധരൻ എംഎൽഎ. മതവിശ്വാസങ്ങളുടെ കാര്യത്തിൽ കോടതികൾ സൂക്ഷ്മത പാലിക്കണമെന്നും മുരളീധരൻ പറഞ്ഞു.24 എഡിറ്റർ ഇൻ ചാർജ് പിപി ജെയിംസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് കെ മുരളീധരൻ എംഎൽഎ നിലപാട് വ്യക്തമാക്കിയത്. അഭിമുഖത്തിന്റെ പൂര്‍ണ്ണ രൂപം ഇന്ന് വൈകിട്ട് ആറ് മണിയ്ക്ക് ട്വന്റിഫോറില്‍ കാണാം.
ടി പി ചന്ദ്രശേഖരൻ കേസിൽ ശക്തമായ നിലപാട് എടുത്തിരുന്നുവെങ്കിൽ എൽ ഡി എഫ് അധികാരത്തിൽ വരില്ലായിരുന്നു. എ കെ ആൻറണിയുടെ മകൻറെ രാഷ്ട്രീയ പ്രവേശനത്തെ മുരളീധരൻ സ്വാഗതം ചെയ്തു. ചെറുപ്പക്കാരനും വിദ്യാ സമ്പന്നനുമായ അനിൽ ആന്റണിയെപ്പോലുള്ളവർ വരുന്നത് പാർട്ടിക്ക് ഗുണം തന്നെയാണ്. അനിൽ ആന്റണി കഴിവ് തെളിയിക്കുമെന്നാണ് പ്രതീക്ഷ. താൻ ഇനിയും മത്സരിക്കുന്നുവെങ്കിൽ അത് വട്ടിയൂർക്കാവിൽ നിന്ന് മാത്രമാണെന്നും മുരളീധരന് പറഞ്ഞു.
യുഡിഎഫിന് ലഭിക്കേണ്ട സർക്കാർ വിരുദ്ധ വോട്ടുകൾ ചിതറിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ശബരിമലയെ കരുവാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ടിപി ചന്ദ്രശേഖരൻ കേസിൽ ശക്തമായ നിലപാട് എടുത്തിരുന്നുവെങ്കിൽ എൽ ഡി എഫ് അധികാരത്തിൽ വരില്ലായിരുന്നുവെന്നും മുരളീധരൻ പറഞ്ഞു. ടി പി കേസിൽ സിപിഎമ്മുമായി പാർട്ടി നേതൃത്വം ഒത്തുതീർപ്പുണ്ടാക്കിയെന്ന സൂചനയാണ് മുരളീധരന്റെ വാക്കുകൾ. കേസിൽ ശക്തമായ നിലപാട് വേണമെന്ന് പാർട്ടിക്കുള്ളിൽ അഭിപ്രായം ഉയർന്നിരുന്നു എന്നാൽ വേണ്ട വിധം കാര്യങ്ങൾ മുന്നോട്ട് പോയില്ല. അങ്ങനെ സംഭവിച്ചിരുന്നുവെങ്കിൽ ഇന്നത്തെ സർക്കാർ തലപ്പത്ത് ഉള്ള പലരും അവിടെ ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.