ട്രാഫിക് ബ്ലോക്കില്‍ ശ്വാസംമുട്ടുന്ന കേരളത്തിലെ നിരത്തുകളില്‍ സാധാരണ കാണുന്ന ഒരു കാഴ്ചയാണ് ബ്ലോക്കിനിടെ വരിതെറ്റിച്ച് സ്വകാര്യ ബസുകള്‍ കയറിപ്പോകുന്നതും എതിര്‍ദിശയില്‍ നിന്നു വരുന്ന വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ ഇടമില്ലാതെ വില്ലനാകുന്നതും. ഇപ്പോഴിത് പറയാന്‍ കാരണം, കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയാണ്. ദേവാസുരത്തിലെ ശേഖരന്റെ ഡയലോഗിന്റെ അകമ്പടിയോടെ കേരള പൊലീസ് പങ്കുവെച്ച വീഡിയോ നവമാധ്യമങ്ങളില്‍ ചര്‍ച്ചയായി കഴിഞ്ഞു. വില്ലന്‍ റോളില്‍ സ്വകാര്യ ബസും മാസ് നായകനായി കേരള പൊലീസുമാണ് വീഡിയോയില്‍.
വമ്പന്‍ ട്രാഫിക് ബ്ലോക്കിനിടെ അമിത വേഗത്തില്‍ വരിതെറ്റിച്ച് കയറിപ്പോകാന്‍ ശ്രമിച്ച സ്വകാര്യ ബസിന് ട്രാഫിക് പൊലീസ് നല്കിയ ‘ഗംഭീര പണി’യാണ് വീഡിയോയില്‍. മണിക്കൂറുകളായി ബ്ലോക്കില്‍ കിലോമീറ്ററുകളോളം നിരന്നുകിടന്ന വാഹനങ്ങളെയെല്ലാം പിന്നിലാക്കി എതിര്‍ദിശയില്‍ വരുന്ന വാഹനങ്ങള്‍ക്ക് കടന്നുപോകാനുള്ള സ്ഥലത്തുകൂടെ മുന്നോട്ട് കുതിക്കാന്‍ സ്വകാര്യ ബസ് ശ്രമിക്കുന്നതും വഴിമധ്യേ തടയുന്ന ട്രാഫിക് പൊലീസുമാണ് വീഡിയോയിലുള്ളത്. ഓവര്‍ സ്മാര്‍ട്ടാകാന്‍ ശ്രമിച്ച സ്വകാര്യ ബസ് ഡ്രൈവറെ കൊണ്ട് ബസ് പിന്നിലേക്ക് എടുപ്പിച്ചാണ് കേരള പൊലീസ് താര പരിവേഷം നേടിയത്. ബ്ലോക്കില്‍ മറ്റൊരു വാഹനത്തിലുണ്ടായിരുന്ന യാത്രക്കാരനാണ് ഇതിന്റെ വീഡിയോ പകര്‍ത്തിയത്.
ഏതായാലും വീഡിയോ നവമാധ്യമങ്ങളില്‍ ചര്‍ച്ചയായി കഴിഞ്ഞു. ട്രാഫിക് ബ്ലോക്കില്‍ ബസുകാര് മാത്രമല്ല, മറ്റു വാഹനങ്ങളും ഇത്തരത്തില്‍ ‘മിടുക്കന്മാരാകാന്’ ശ്രമിക്കാറുണ്ടെന്നും അവര്‍ക്കും ഇതുപോലെ പണി കൊടുക്കണമെന്നുമാണ് മിക്കവരുടെയും അഭിപ്രായം.