Cricket Sports

ബാബർ അസമിനു പകരക്കാരായി ഷഹീൻ അഫ്രീദിയും ഷാൻ മസൂദും; പാകിസ്താൻ്റെ പുതിയ ക്യാപ്റ്റന്മാരെ പ്രഖ്യാപിച്ച് പിസിബി

ക്യാപ്റ്റൻ സ്ഥാനം രാജിവച്ച ബാബർ അസമിനു പകരക്കാരെ പ്രഖ്യാപിച്ച് പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. പേസർ ഷഹീൻ അഫ്രീദി ടി-20യിൽ പാക് നായകനാവുമ്പോൾ ഷാൻ മസൂദാണ് ടെസ്റ്റ് ക്യാപ്റ്റൻ. ഏകദിന ക്യാപ്റ്റനെ തീരുമാനിച്ചിട്ടില്ല. മുഹമ്മദ് ഹഫീസ് ആണ് പാകിസ്താൻ പുരുഷ ടീമിൻ്റെ പുതിയ ഡയറക്ടർ ഓഫ് ക്രിക്കറ്റ്. മിക്കി ആർതറിനു പകരക്കാരനായാണ് ഹഫീസിനെ ചുമതല ഏല്പിച്ചത്.

ഇന്ത്യയിൽ നടന്ന ക്രിക്കറ്റ് ലോകകപ്പിൽ പാകിസ്താൻ ടീം കാഴ്ചവച്ച മോശം പ്രകടനങ്ങൾക്കു പിന്നാലെയാണ് ബാബർ ക്യാപ്റ്റൻസി രാജിവച്ചത്. ലോകകപ്പിൽ വ്യക്തിപരമായും നിരാശപ്പെടുത്തിയ ബാബറിന് ഏകദിന റാങ്കിംഗിലെ ഒന്നാം സ്ഥാനവും നഷ്ടമായിരുന്നു. 9 ലീഗ് മത്സരങ്ങളിൽ നാലെണ്ണത്തിൽ മാത്രമേ പാകിസ്താനു വിജയിക്കാനായുള്ളൂ. ഇത് വ്യാപകമായ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. ഇതിനു പിന്നാലെ സെലക്ഷൻ കമ്മറ്റിയെ പിസിബി പിരിച്ചുവിടുകയും ചെയ്തു.

2019 ലാണ് പാകിസ്താൻ ക്രിക്കറ്റ് ടീം നായകനായി ബാബർ തിരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ വർഷങ്ങളിൽ ഉയർച്ചതാഴ്ചകളുണ്ടായിരുന്നു എന്നും ടീമിന്റെ ക്യാപ്റ്റൻ ആയതിൽ അഭിമാനമാണെന്നും രാജി പ്രഖ്യാപിച്ച് ബാബർ കുറിച്ചു. മാനേജ്മെന്റും താരങ്ങളും തനിക്ക് തന്ന പിന്തുണയെ കുറിച്ചും താരം കുറിച്ചു. പുതിയ ക്യാപറ്റനും ടീമിനും എല്ലാ പിന്തുണയുമുണ്ടാകുമെന്നും ബാബർ പ്രതികരിച്ചു.