ഏകദിന ലോകകപ്പ് 2023 ആദ്യ സെമിയിൽ മികച്ച സ്കോറിലേക്ക് കുതിക്കുന്ന ഇന്ത്യയ്ക്ക് ആശങ്കയായി സ്റ്റാർ ബാറ്റർ ഗിലിന്റെ പരിക്ക്. രോഹിത് പുറത്തായതോടെ വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത് മുന്നേറുമ്പോളാണ് കാലിന് പരിക്ക് പറ്റി റിട്ടയേർഡ് ഹർട്ട് ആയി താരം കളം വീടുന്നത്. 79 റൺസ് നേടിയാണ് താരം പുറത്ത് പോയത്.കഴിഞ്ഞ മത്സരത്തിൽ വെടിക്കെട്ട് സെഞ്ചുറി നേടിയ ശ്രയസ് അയ്യരാണ് ക്രീസിലെത്തിയത്. ഏകദിന ലോകകപ്പ് സെമിയിൽ അർദ്ധ സെഞ്ചുറിയോടെ ചരിത്ര നേട്ടം സ്വന്തമാക്കിയതോടെ മറ്റൊരു ചരിത്ര നേട്ടത്തിൽ കൂടിയെത്തിയിരിക്കുകയാണ് ഗിൽ. അണ്ടർ 19 ലോകകപ്പിന്റെ സെമി ഫൈനലിൽ 2018 ൽ താരം സെഞ്ച്വറി നേടിയിരുന്നു.
പരിക്കേറ്റ് റിട്ടയേർഡ് ഹർട്ട് ആയി ഗ്രൗണ്ട് വിട്ടെങ്കിലും മത്സരത്തിനിടയിൽ പരിക്ക് മാറാൻ പറ്റിയാൽ താരത്തിന് തിരികെ ബാറ്റിങ്ങിനെത്താവുന്നതാണ്. വിരാട് കോലിയും ശ്രേയസ് അയ്യരുമാണ് ക്രീസിൽ. 30 ഓവർ പിന്നിടുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 214 റൺസ് എന്ന നിലയിലാണ് ഇന്ത്യ. മികച്ച തുടക്കം നൽകിയ ക്യാപ്റ്റൻ രോഹിത് ശർമയുടെ പ്രകടനം സമർദമില്ലാതെ കളിക്കാൻ ടീമിന് തുണയായി. 29 പന്തിൽ നാല് വീതം സിക്സും ഫോറുമടിച്ച് രോഹിത് 47 റൺസടിച്ച് പുറത്താവുകയായിരുന്നു.
ഏകദിന ലോകകപ്പിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയ താരമെന്ന റെക്കോർഡ് രോഹിത് സ്വന്തമാക്കിയാണ് കളം വിട്ടത്. വെടിക്കെട്ട് ബാറ്റർ യൂണിവേഴ്സൽ ബോസ് ക്രിസ് ഗെയ്ലിനെയാണ് രോഹിത് മറികടന്നത്. വീണ്ടും സിക്സ് നേടി അർദ്ധ സെഞ്ചുറി പൂർത്തിയാക്കാനുള്ള ശ്രമത്തിനിടയിലാണ് രോഹിത് പുറത്തയത്. പേസ് ബൗളർ സൗത്തിയ്ക്കാണ് വിക്കറ്റ്.