ലോകകപ്പിലെ തന്റെ പതിവ് ശൈലിയ്ക്ക് ഒരു മാറ്റവും സമ്മർദ്ദവുമില്ലാതെ ബാറ്റേന്തി ഇന്ത്യയ്ക്ക് വെടിക്കെട്ട് തുടക്കം നൽകി രോഹിത് ശർമ്മ. 29 പന്തിൽ നാല് വീതം സിക്സും ഫോറുമടിച്ച് രോഹിത് 47 റൺസടിച്ച് പുറത്തായെങ്കിലും ഇന്നത്തെ മത്സരത്തിൽ ഒരു റെക്കോർഡ് നേട്ടത്തെ സ്വന്തമാക്കാനും രോഹിത്തിനായി.
ഏകദിന ലോകകപ്പിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയ താരമെന്ന റെക്കോർഡാണ് രോഹിത് സ്വന്തമാക്കിയത്. വെടിക്കെട്ട് ബാറ്റർ യൂണിവേഴ്സൽ ബോസ് ക്രിസ് ഗെയ് ലിനെയാണ് രോഹിത് മറികടന്നത്. വീണ്ടും സിക്സ് നേടി അർദ്ധ സെഞ്ചുറി പൂർത്തിയാക്കാനുള്ള ശ്രമത്തിനിടയിലാണ് രോഹിത് പുറത്തയത്. പേസ് ബൗളർ സൗത്തിയ്ക്കാണ് വിക്കറ്റ്.
നിലവിൽ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 118 റൺസ് നേടിയിട്ടുണ്ട്. ഓപ്പണർ ഗിൽ അർദ്ധ സെഞ്ച്വറി നേടിയിട്ടുണ്ട്. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ, ന്യൂസിലൻഡിനെ ബൗളിങ്ങിന് വിടുകയായിരുന്നു. 2019ലെ സെമിഫൈനൽ തോൽവിക്ക് സ്വന്തം മണ്ണിൽ കണക്ക് തീർക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം.
ടീം ഇന്ത്യ: രോഹിത് ശർമ്മ , ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
ടീം ന്യൂസിലൻഡ്: ഡെവൺ കോൺവേ, രച്ചിൻ രവീന്ദ്ര, കെയ്ൻ വില്യംസൺ, ഡാരിൽ മിച്ചൽ, ഗ്ലെൻ ഫിലിപ്സ്, ടോം ലാതം, മാർക്ക് ചാപ്മാൻ, മിച്ചൽ സാന്റ്നർ, ടിം സൗത്തി, ട്രെന്റ് ബോൾട്ട്, ലോക്കി ഫെർഗൂസൺ