2000 രൂപ നോട്ടുകൾ അച്ചടിക്കുന്നത് റിസർവ് ബാങ്ക് അവസാനിപ്പിച്ചതായി റിപ്പോർട്ട്. ദുരുപയോഗം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. സർക്കാരുമായി ബന്ധമുള്ള അടുത്ത വൃത്തങ്ങളാണ് ഇതുസംബന്ധിച്ച സൂചനകൾ നൽകിയത്.
2016 നവംബറിൽ കള്ളപ്പണം തടയൽ ലക്ഷ്യംവെച്ച് 500, 1000 രൂപ നോട്ടുകൾ അസാധുവാക്കിയതിന് തൊട്ട് പിന്നാലെയാണ് മോദി സർക്കാർ 2000 രൂപ നോട്ടുകൾ ഇറക്കിയത്. ഈ നോട്ടുകൾ കള്ളപ്പണം വെളുപ്പിക്കാനും നികുതി വെട്ടിക്കാനും വലിയ തോതിൽ ഉപയോഗിക്കുന്നുവെന്നാണ് കണ്ടെത്തൽ. ഈ പശ്ചാത്തലത്തിലാണ് 2000 രൂപ നോട്ടുകളുടെ അച്ചടി നിർത്തുന്നത് എന്നാണ് വിവരം.
നേരത്തെ 2000 രൂപ നോട്ടുകൾ അസാധുവാക്കുകയാണെന്ന വാർത്തകൾ പരന്നിരുന്നു. പിന്നീട് അത്തരമൊരു നീക്കമില്ലെന്ന് കേന്ദ്രസർക്കാർ തന്നെ വ്യക്തമാക്കുകയും ചെയ്തു. 2000 രൂപ നോട്ടുകൾ ഇറക്കുമ്പോൾ തന്നെ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത ഏറെയാണെന്ന ആരോപണം ശക്തമായിരുന്നു. രാജ്യത്ത് വിനിമയത്തിൽ ഉള്ള 18.03 ലക്ഷം കോടി രൂപയിൽ 6.73 ലക്ഷം കോടി രൂപ 2000 നോട്ടിലൂടെയാണ് വിനിമയം ചെയ്യുന്നത് എന്നാണ് 2018ലെ കണക്ക്. അതായത് വിനിമയത്തിലുള്ള പണത്തിന്റെ 37 ശതമാനം.