Entertainment

ചലച്ചിത്ര വസന്തത്തിനായി ഗോവ ഒരുങ്ങുന്നു; ഐഎഫ്എഫ്‌ഐയിലെ പ്രധാന ചിത്രങ്ങളും വേദികളും അറിയാം…

സ്ഥലകാലങ്ങളെ ദൃശ്യങ്ങളിലൂടെ അടയാളപ്പെടുത്തി കാലാതീതമായ മാസ്റ്റര്‍പീസുകളെ ആഗോളവത്ക്കരിക്കുകയാണ് ഓരോ ചലച്ചിത്രോത്സവങ്ങളും ചെയ്യുന്നത്. സാംസ്‌കാരിക വൈവിധ്യങ്ങളുടെ സുന്ദരഭൂമിയായ ഗോവ വീണ്ടും അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനായി ഒരുങ്ങുമ്പോള്‍ ചലച്ചിത്രാസ്വാദകരെ കാത്തിരിക്കുന്നത് സിനിമാറ്റിക് അനുഭവങ്ങളുടെ വലിയ സര്‍പ്രൈസുകളാണ്. ഗോവയില്‍ ഈ മാസം 20 മുതല്‍ 28 വരെയാണ് ചലച്ചിത്രോത്സവം നടക്കുന്നത്. ഗോവയിലെ ഐഎഫ്എഫ്‌ഐ വേദികളേയും പ്രദര്‍ശിപ്പിക്കുന്ന പ്രധാന സിനിമകളെയും കുറിച്ച് അറിയാം… (IFFI 2023 Goa list of Venues and films)

വേദികള്‍

ഓരോ സിനിമയും നല്ല വേദികളേയും മികച്ച പ്രേക്ഷകരേയും അര്‍ഹിക്കുന്നതിനാല്‍ തന്നെ ഐഎഫ്എഫ്‌ഐയ്ക്ക് എത്തുന്ന മാസ്റ്റര്‍പീസുകളുടെ വേദികള്‍ വളരെ പ്രധാനപ്പെട്ടതാണ്. ഐഎന്‍ഒഎക്‌സ് പഞ്ചിം, മാക്വുനെസ് പാലസ്, ഐഎന്‍ഒഎക്‌സ് പോര്‍വോറിം, Z സ്വകയര്‍ സാമ്രാട്ട് അശോക് മുതലായവയാണ് 270 മികച്ച ചിത്രങ്ങളുടെ വേദികള്‍.

ഉദ്ഘാടന ചിത്രവും സമാപന ചിത്രവും

ബ്രിട്ടീഷ് സംവിധായകന്‍ സ്റ്റുവേര്‍ട്ട് ഗാറ്റ് സംവിധാനം ചെയ്ത ക്യാചിങ് ഡസ്റ്റാണ് ഇത്തവണത്തെ ഉദ്ഘാടന ചിത്രം. നൂറി ബില്‍ജ് സെലാന്‍ സംവിധാനം ചെയ്ത എബൗട്ട് ഡ്രൈ ഗ്രാസസ് മിഡ്‌ഫെസ്റ്റ് ചിത്രമാകും. അമേരിക്കന്‍ സംവിധായകന്‍ റോബര്‍ട്ട് കൊളോഡ്‌നിയുടെ ബയോപിക് ആയ ദി ഫെതര്‍വെയ്റ്റാണ് സമാപന ചിത്രം. മലയാള ചിത്രം ആട്ടമാണ് പനോരമയിലെ ഉദ്ഘാടന ചിത്രം.

കലാ അക്കാദമിയില്‍ ചലച്ചിത്ര പ്രദര്‍ശനമില്ല

ഗോവയിലെ പ്രശസ്തമായ കലാ അക്കാദമി ഇത്തവണ ഐഎഫ്എഫ്‌ഐയുടെ ഭാഗമാകുന്നുണ്ടെങ്കിലും അക്കാദമിയില്‍ ചലച്ചിത്രങ്ങളൊന്നും ഇത്തവണ പ്രദര്‍ശിപ്പിക്കുന്നില്ല. കലാ അക്കാദമി ഗൗരവമുള്ള ചലച്ചിത്ര ചര്‍ച്ചകള്‍ക്കും മാസ്റ്റര്‍ ക്ലാസുകള്‍ക്കുമാണ് ഇത്തവണ വേദിയാകുക. ഗോവയുടെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ പ്രധാന കേന്ദ്രമായ കലാ അക്കാദമി ഏറെനാള്‍ നീണ്ട അറ്റകുറ്റപ്പണികള്‍ക്ക് ശേഷം ഇന്നലെയാണ് വീണ്ടും തുറന്നത്.

ചലച്ചിത്ര സംവാദങ്ങള്‍ക്ക് നിരവധി പ്രമുഖര്‍

സിനിമ കാഴ്ചകളുടെ മാത്രമല്ല ഗൗരവമേറിയ ചലച്ചിത്ര സംബന്ധിയായ ചര്‍ച്ചകള്‍ക്കും പതിവുപോലെ ഐഎഫ്എഫ്‌ഐ വേദിയാകും. ഹോളിവുഡ് താരം മൈക്കിള്‍ ഡഗ്ലസ് ഉള്‍പ്പെടെയുള്ള പ്രമുഖകര്‍ സിനിമാ ചര്‍ച്ചകളുടെ ഭാഗമാകും. സാറാ അലി ഖാന്‍, റാണി മുഖര്‍ജി, വിദ്യാ ബാലന്‍, സണ്ണി ഡിയോള്‍, നവാസുദ്ദീന്‍ സിദ്ദിഖി, നസീറുദ്ദീന്‍ ഷാ, പങ്കജ് ത്രിപാഠി, ബോണി കപൂര്‍, മധുര് ഭണ്ഡാര്‍ക്കര്‍, ബ്രണ്ടന്‍ ഗാല്‍വിന്‍, ബ്രിലാന്റേ മെന്‍ഡോ, ജോണ്‍ ഗോള്‍ഡ്‌വാട്ടര്‍, വിജയ് സേതുപതി, മനോജ് ബാജ്‌പേയ്, കാര്‍ത്തികി ഗോണ്‍സാല്‍വസ്, അല്ലു അരവിന്ദ്, തിയോഡോര്‍ ഗ്ലക്ക്, ഗുല്‍ഷന്‍ ഗ്രോവര്‍ തുടങ്ങിയ നിരവധി ചലച്ചിത്ര പ്രതിഭകള്‍ ചര്‍ച്ചകളിലുണ്ടാകും.

മൈക്കിള്‍ ഡഗ്ലസിന് ആദരം

വിഖ്യാത ഹോളിവുഡ് താരവും നിര്‍മാതാവുമായ മൈക്കിള്‍ ഡഗ്ലസ് ലോകസിനിമയ്ക്ക് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് അദ്ദേഹത്തിന് സത്യജിത് റേ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നല്‍കുമെന്നതാണ് ഇത്തവണത്തെ ഐഎഫ്എഫ്‌ഐയുടെ മറ്റൊരു പ്രത്യേകത.

ചലച്ചിത്രോത്സവത്തിലെ മലയാളത്തിളക്കം

മലയാള ചിത്രമായ ആട്ടമാണ് പനോരമയിലെ ഉദ്ഘാടന ചിത്രമായി നിശ്ചയിച്ചിരിക്കുന്നത്. രോഹിത് എം ജി കൃഷ്ണന്റെ ഇരട്ട, രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ ന്നാ താന്‍ കേസ് കൊട്, ഗണേഷ് രാജിന്റെ പൂക്കാലം, ജൂഡ് ആന്റണിയുടെ 2018, ജിയോ ബേബി സംവിധാനം ചെയ്ത കാതല്‍ മുതലായ മലയാള ചിത്രങ്ങള്‍ ഫീച്ചര്‍ സിനിമയുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.