കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആദ്യ കുറ്റപത്രം ഇന്ന്. അറസ്റ്റിലായ നാല് പ്രതികളെ ഉൾപ്പെടുത്തിയാണ് ആദ്യ കുറ്റപത്രം സമർപ്പിക്കുക. പ്രതികളുടെ സ്വാഭാവിക ജാമ്യം തടയുന്നതിനാണ് ഇത്. ( karuvannur case ed to submit first chargesheet today )
സെപ്റ്റംബർ 4നാണ് ഒന്നാംപ്രതി സതീഷ് കുമാറിന്റെയും രണ്ടാംപ്രതി പി പി കിരണിന്റെയും അറസ്റ്റ് രേഖപ്പെടുത്തിയത്. കള്ളപ്പണം വെളുപ്പിച്ചതിൽ നാലു പ്രതികൾക്കെതിരെയും കൃത്യമായ തെളിവുകൾ ഉണ്ടെന്ന് ഇ.ഡി തയാറാക്കിയ കുറ്റപത്രത്തിൽ പറയുന്നു.
കേരളം കണ്ട ഏറ്റവും വലിയ സഹകരണ കൊള്ളയാണ് കരുവന്നൂരിലേത്. 2011-12 മുതൽ ബാങ്കിൽ നടന്ന തട്ടിപ്പിൽ 219 കോടി രൂപയുടെ ക്രമക്കേട് നടന്നുവെന്നാണ് കണ്ടെത്തൽ. സഹകരണവകുപ്പ് നടത്തിയ പരിശോധനയിലാണ് വൻ തട്ടിപ്പ് പുറത്ത് വരുന്നത്. 2021 ജൂലൈ 21ന് ബാങ്ക് സെക്രട്ടറിയുടെ പരാതിയിൽ ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തിരുന്നു.