Cricket

സയ്യിദ് മുഷ്താഖ് അലി ട്രോഫി: വിഷ്ണു വിനോദിൻ്റെ വെടിക്കെട്ട് സെഞ്ചുറി; സർവീസസിനെതിരെ കേരളത്തിന് ഒരു റൺ ജയം

സയ്യിദ് മുഷ്താഖ് അലി ട്രോഫി ഗ്രൂപ്പ് ബിയിൽ സർവീസസിനെതിരെ കേരളത്തിന് ആവേശജയം. ഒരു റണ്ണിനാണ് കേരളം സർവീസസിനെ വീഴ്ത്തിയത്. ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തി 189 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ സർവീസസിന് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 188 റൺസ് നേടാനേ സാധിച്ചുള്ളൂ. കേരളത്തിനായി 62 പന്തിൽ 109 റൺസ് നേടി പുറത്താവാതെ നിന്ന വിഷ്ണു വിനോദാണ് തിളങ്ങിയത്. (trophy kerala won services)

Read Also: ടി-20യിൽ ഒരു ഇന്ത്യൻ താരത്തിൻ്റെ ഏറ്റവും വേഗമേറിയ ഫിഫ്റ്റി; യുവരാജിൻ്റെ റെക്കോർഡ് തകർത്ത് റെയിൽവേയ്സ് താരം

മുഹമ്മദ് അസ്ഹറുദ്ദീൻ (1), രോഹൻ കുന്നുമ്മൽ (12) എന്നിവർ വേഗം പുറത്തായത് കേരളത്തിനു തുടക്കത്തിൽ തന്നെ തിരിച്ചടിയായി. എന്നാൽ, മൂന്നാം നമ്പറിലെത്തിയ വിഷ്ണു വിനോദ് കഴിഞ്ഞ കളിയിലെ ഫോം തുടർന്നു. നാലാം നമ്പറിൽ ക്യാപ്റ്റൻ സഞ്ജു സാംസൺ കൂടി എത്തിയതോടെ കേരളം മെല്ലെ കരകയറി. വേഗത്തിൽ സ്കോർ ചെയ്യാൻ സാധിച്ചില്ലെങ്കിലും മൂന്നാം വിക്കറ്റിൽ വിഷ്ണുവുമൊത്ത് 45 റൺസിൻ്റെ കൂട്ടുകെട്ടുയർത്താൻ സഞ്ജുവിനു കഴിഞ്ഞു. 22 പന്തിൽ 22 റൺസ് നേടി സഞ്ജു പുറത്തായതിനു പിന്നാലെ ക്രീസിലെത്തിയ സൽമാൻ നിസാർ വിഷ്ണുവിനൊപ്പം ചേർന്നതോടെ കേരളം മികച്ച സ്കോറിലേക്ക് നീങ്ങി. 10 ഓവറിൽ 74 റൺസ് മാത്രം നേടിയിരുന്ന കേരളം 15 ഓവറിൽ 126ലും 20 ഓവറിൽ 189ലുമെത്തി. നാലാം വിക്കറ്റിൽ അപരാജിതമായ 110 റൺസാണ് വിഷ്ണുവും സൽമാനും ചേർന്ന് അടിച്ചുകൂട്ടിയത്. സൽമാൻ നിസാർ 24 പന്തിൽ 42 റൺസ് നേടി പുറത്താവാതെ നിന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ സർവീസസിന് ഓപ്പണർമാർ ചേർന്ന് ഗംഭീര തുടക്കം നൽകി. ആദ്യ പവർ പ്ലേയിൽ വിക്കറ്റ് നഷ്ടമില്ലാതെ 60 റൺസ് നേടിയ മധ്യ ഓവറുകളിൽ ഇടക്കിടെ വിക്കറ്റ് നഷ്ടമായത് തിരിച്ചടിയാവുകയായിരുന്നു. 30 പന്തിൽ 40 റൺസ് നേടി പുറത്താവാതെ നിന്ന ഇംപാക്ട് പ്ലയർ വികാസ് ഹത്‌വാലയാണ് സർവീസസിൻ്റെ ടോപ്പ് സ്കോറർ. അവസാന ഓവറിൽ 17 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ സർവീസസ് രണ്ട് റൺസ് അകലെ വീണുപോവുകയായിരുന്നു.