കൊച്ചി വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്ത യാത്രക്കാരുടെ എണ്ണം പത്ത് ലക്ഷത്തിലേക്ക് കടക്കുന്നു. സര്‍വീസ് ആരംഭിച്ച് ആറ് മാസം പൂര്‍ത്തിയാകുമ്പോഴാണ് ഈ നേട്ടം. 9,99,241 പേരാണ് കൊച്ചി വാട്ടര്‍ മെട്രോയില്‍ ഇതുവരെ യാത്ര ചെയ്തത്. ഇന്ന് വൈകുന്നേരത്തോടെ ഈ കണക്ക് പത്ത് ലക്ഷം കടക്കുമെന്നാണ് വാട്ടര്‍ മെട്രോ അധികൃതര്‍ കണക്കുകൂട്ടുന്നത്.
പത്ത് ലക്ഷം തികയ്ക്കുന്ന ആള്‍ക്ക് സര്‍പ്രൈസ് സമ്മാനവും വാട്ടര്‍ മെട്രോ ഒരുക്കിയിട്ടുണ്ട്. വൈറ്റില-കാക്കനാട് റൂട്ടിലും ഹൈക്കോര്‍ട്ട്-വൈപ്പിന്‍ റൂട്ടിലും മാത്രമാണ് നിലവില്‍ വാട്ടര്‍ മെട്രോയ്ക്ക് സര്‍വീസ് ഉള്ളത്.
സംസ്ഥാന സര്‍ക്കാരിന് 74 ശതമാനവും കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന് 26 ശതമാനവുമാണ് ഓഹരി പങ്കാളിത്തം.അത്യാധുനിക സൗകര്യങ്ങളോട് കൂടിയ എട്ടു ബോട്ടുകളുണ്ട് വാട്ടര്‍ മെട്രോയ്ക്ക്. കുറഞ്ഞ ടിക്കറ്റ് നിരക്ക് 20 രൂപയും പരമാവധി ടിക്കറ്റ് നിരക്ക് നാല്പത് രൂപയുമാണ്. ആഴ്ചതോറുമുള്ള പാസിന് 180 രൂപയും മാസംതോറും പാസിന് 600 രൂപയും ത്രൈമാസ പാസിന് 1500 രൂപയുമാണ്.