ബി.എം.ഡബ്ല്യുവിന്റെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് വാഹനമായ ഐഎക്‌സ് 1 അവതരണ ദിവസം തന്നെ വിറ്റു തീര്‍ന്നതായി റിപ്പോര്‍ട്ട്. 2023 വര്‍ഷത്തേക്ക് നിര്‍മാതാക്കള്‍ ഇന്ത്യക്കായി അനുവദിച്ചിരുന്ന യൂണിറ്റുകളാണ് ആദ്യദിനം തന്നെ വിറ്റുത്തീര്‍ന്നത്. ബിഎംഡബ്ല്യുവിന്റെ ഇലക്ട്രിക് വാഹനശ്രേണിയിലേക്ക് കഴിഞ്ഞദിവസമാണ് ഐഎക്‌സ് 1 എത്തിയത്.
ഐഎക്‌സ് 1 ബിഎംഡബ്ല്യുവിന്റെ നാലാമത്തെ ഇലക്ട്രിക് വാഹനമണ്. ഐ7, ഐഎക്‌സ്, ഐ4 എന്നിവയാണ് മറ്റ് ഇലക്ട്രിക് വാഹനം. എക്സ് ഡ്രൈവ് 30 എന്ന ഒറ്റ വേരിയന്റില്‍ മാത്രമെത്തുന്ന ഐഎക്‌സ് 1ന് 66.90 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. ഒറ്റത്തവണ ചാര്‍ജില്‍ 440 കിലോ മീറ്റര്‍ സഞ്ചരിക്കാനുള്ള ശേഷിയാണ് വാഹനത്തില്‍ നിര്‍മാതാക്കള്‍ നല്‍കിയിട്ടുള്ളത്. 66.5 കിലോ വാട്ട് ശേഷിയുള്ള ലിഥിയം അയേണ്‍ ബാറ്ററിയാണ് വാഹനത്തില്‍ സജ്ജമാക്കിയിരിക്കുന്നത്. 5.6 സെക്കന്റില്‍ പൂജ്യത്തില്‍നിന്ന് 100 കിലോ മീറ്റര്‍ വേഗവും കൈവരിക്കും. 180 കിലോ മീറ്ററാണ് പരമാവധി വേഗത.
അതിവേഗത്തിലുള്ള ചാര്‍ജിങ്ങ് സംവിധാനമാണ് വാഹനത്തിന്റെ മറ്റൊരു സവിശേഷത. 130 കിലോ വാട്ട് ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് വെറും 29 മിനിറ്റില്‍ 80 ശതമാനം ബാറ്ററി ചാര്‍ജാകുമെന്ന് കമ്പനി അവകാശപ്പെടുന്നു. ലുക്കില്‍ റെഗുലര്‍ ബി.എം.ഡബ്ല്യു എക്സ്1-ന് സമാനമായണ് ഐഎക്സ്1 ഒരുങ്ങിയിട്ടുള്ളത്. 4500 എം.എം. നീളത്തിലും 1845 എം.എം. വീതിയിലും 1642 എം.എം. ഉയരത്തിലുമാണ് ഈ വാഹനം രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.
ആഡംബര ഇലക്ട്രിക് കാര്‍ സെഗ്മെന്റില്‍ മാര്‍ക്കറ്റ് ലീഡറാകാനുള്ള ഞങ്ങളുടെ ശ്രമത്തിനുള്ള ആവേശമാണ് എക്സ് 1-ലൂടെ ലഭിച്ചിരിക്കുന്നതെന്നും ബി.എം.ഡബ്ല്യു ഗ്രൂപ്പ് മേധാവി വിക്രം പാവ് പറഞ്ഞു. മെഴ്സിഡീസ് ബെന്‍സ് ഇ.ക്യു.ബി, കിയ ഇ.വി.6, വോള്‍വോ എക്സ്.സി.40 റീച്ചാര്‍ജ്, ഹ്യുണ്ടായി അയോണിക്5 എന്നീ ഇലക്ട്രിക് വാഹനങ്ങളുമായി മത്സരിക്കുന്ന ഐ.എക്സ്1 അവതരണ ദിവസം തന്നെ ഞെട്ടിച്ചിരിക്കുകയാണ്.